ചെന്നൈ സൂപ്പർ കിംഗ്‌സ് കടുത്ത പ്രതിസന്ധിയിലാണ് ഈ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലൂടെ കടന്ന് പോകുന്നത്. 2025 ലെ ഐപിഎൽ മെഗാ ലേലത്തിൽ ചെന്നൈ എടുത്ത തീരുമാങ്ങൾ എല്ലാം തന്നെ അവർക്ക് തിരിച്ചടിയാകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. അവരുടെ നായകൻ ഗെയ്‌ക്‌വാദിന് പരിക്ക് കൂടി പറ്റിയതോടെ കാര്യങ്ങൾ കൂടുതൽ വഷളാക്കി. തുടർച്ചയായ രണ്ട് ഐപിഎല്ലുകളിൽ സിഎസ്‌കെ പ്ലേഓഫിൽ എത്താത്ത സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല എങ്കിലും ഇപ്പോഴത്തെ പോക്ക് കണ്ടിട്ട് അതിനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല .
ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ബാറ്റിംഗാണ് അവരെ തുടർച്ചയായി പരാജയപ്പെടുത്തുന്നത്. ഒരുപാട് മികച്ച ഓപ്ഷൻ ഉള്ളപ്പോഴും ഒരു താരം ഫോമിൽ വരാത്തത് അവർക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. ചെന്നൈ നായകൻ ആയി ധോണിയുടെ മടങ്ങി വരവും അവർക്ക് ഗുണം ചെയ്തില്ല. കഴിഞ്ഞ മത്സരത്തിൽ പന്ത് അടിസ്ഥാനത്തിൽ ഉള്ള ഏറ്റവും വലിയ പരാജയവും ടീം രേഖപ്പെടുത്തി.
2025 ലെ ഐപിഎൽ മെഗാ ലേലത്തിനിടെ ചെന്നൈ സൂപ്പർ കിംഗ്സ് ഇപ്പോൾ വിരമിച്ച ഇന്ത്യൻ കളിക്കാരനായ രവിചന്ദ്രൻ അശ്വിനെ സ്വന്തമാക്കിയിരുന്നു. സിഎസ്‌കെ ക്യാമ്പിൽ അശ്വിന് ഗംഭീര സ്വീകരണം ലഭിച്ചിട്ടും ഇതുവരെ താരത്തിന് തന്റെ തലത്തിൽ എത്താൻ സാധിച്ചില്ല. 1983 ലോകകപ്പ് ജേതാവ് ക്രിസ് ശ്രീകാന്ത്, തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ, ഓൾറൗണ്ടറെ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് പറഞ്ഞു.
“അശ്വിൻ വളരെ മോശമായാണ് പന്തെറിയുന്നത്. ഇങ്ങനെ പന്തെറിഞ്ഞാൽ, അദ്ദേഹം ഇലവനിൽ ഉണ്ടാകുമോ എന്ന് പോലും എനിക്ക് ഉറപ്പില്ല, നന്നായി കളിക്കുന്നവരെ ടീമിൽ എടുക്കുക. സിഎസ്‌കെ ധൈര്യമായി അദ്ദേഹത്തെ പുറത്താക്കണമെന്നാണ് എന്റെ അഭിപ്രായം. ശ്രേയസ് ഗോപാൽ എന്നൊരു ലെഗ് സ്പിന്നർ ഉണ്ട്, അല്ലേ? അടുത്ത മത്സരത്തിൽ അശ്വിന് പകരം അദ്ദേഹത്തെ കളിപ്പിക്കണം. അശ്വിനെ ടീമിൽ നിന്ന് പുറത്താക്കണം,” ശ്രീകാന്ത് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ആറ് മത്സരങ്ങളിൽ അഞ്ചെണ്ണത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് പരാജയപ്പെട്ടു. എട്ട് മത്സരങ്ങൾ കൂടി ചെന്നൈയ്ക്ക് ബാക്കിയുണ്ട്, പ്ലേഓഫിൽ സ്ഥാനം നേടണമെങ്കിൽ അവയെല്ലാം വിജയിച്ചാൽ മാത്രമേ അവർക്ക് യോഗ്യത കിട്ടുക ഉള്ളു.