എസ്പി മോഹനചന്ദ്രന്‍ ഉള്‍പ്പെടെ 17 കേരള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഐപിഎസ്; വാളയാര്‍ വിവാദ ഉദ്യോഗസ്ഥന്‍ സോജന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് അനുവദിച്ചില്ല

2021 ലെയും 2022 ലെയും തിരഞ്ഞെടുത്ത ലിസ്റ്റുകളില്‍ നിന്ന്  സംസ്ഥാന പോലീസിലെ 17 ഉദ്യോഗസ്ഥരെ ഇന്ത്യന്‍ പോലീസ് സര്‍വീസിലേക്ക് (ഐപിഎസ്) പ്രമോട്ട് ചെയ്തു. 2021-2022 വര്‍ഷങ്ങളിലെ ഐപിഎസ് ഒഴിവുകളിലേക്ക് കേരള പൊലീസില്‍ നിന്നും 12 പേരുടെ പട്ടികയും 2022 ബാച്ചിലേക്ക് അഞ്ചുപേരെയും തിരഞ്ഞെടുത്തിരുന്നു. 2021ലെ പട്ടികയില്‍ നിന്നും കെ കെ മാര്‍ക്കോസ്, എ അബ്ദുള്‍ റാഷി, പി സി സജീവന്‍, വി ജി വിനോദ് കുമാര്‍, പി എ മുഹമ്മദ് ആരിഫ്, എ ഷാനവാസ്, എസ് ദേവ മനോഹര്‍, മുഹമ്മദ് ഷാഫി കെ, ബി കൃഷ്ണ കുമാര്‍, കെ സലിം, ടി കെ സുബ്രഹ്‌മണ്യന്‍, മഹേഷ് ദാസ്, കെ കെ എന്നിവര്‍ക്കാണ് സ്ഥാനക്കയറ്റം ലഭിച്ചത്. മൊയ്തീന്‍കുട്ടി, എസ് ആര്‍ ജ്യോതിഷ്‌കുമാര്‍, വി ഡി വിജയന്‍, പി വാഹിദ്, മോഹനചന്ദ്രന്‍ നായര്‍ എം പി എന്നിവരാണ് 2022ലെ പട്ടികയില്‍ നിന്നും സ്ഥാനക്കയറ്റം നേടിയത്.

ഐപിഎസ് സ്ഥാനക്കയറ്റം കിട്ടിയ എസ്പി മോഹനചന്ദ്രന്‍ രാഷ്ട്രപതിയുടെ മെഡലിനു പുറമെ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ നേടിയിട്ടുണ്ട്. കുറ്റാന്വേഷണ മികവിന് സംസ്ഥാന പൊലീസ് ചീഫിന്റെ ബാഡ്ജ് ഓഫ് ഓണറും മോഹനചന്ദ്രന്‍ നേടിയിട്ടുണ്ട്. 1990 -ല്‍ സിആര്‍പിഎഫ് എസ്‌ഐയായി കേന്ദ്ര പോലീസ് സേനയില്‍ ചേര്‍ന്ന മോഹനചന്ദ്രന്‍ ദേശീയ സുരക്ഷാ സേനയുടെ കമാന്റോ പരിശീലനവും നേടിയിട്ടുണ്ട്. പിന്നീട് എസ്പിജി പരിശീലനവും പൂര്‍ത്തിയാക്കുകയുണ്ടായി. മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ എസ്പിജി സുരക്ഷാസംഘത്തിലും മോഹനചന്ദ്രന്‍ ഉണ്ടായിരുന്നു. കേരള പൊലീസില്‍ എസ്‌ഐയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് 1995-ല്‍ കേന്ദ്രസര്‍വീസില്‍ നിന്നും രാജിവെച്ച് കേരള പൊലീസില്‍ എത്തുന്നത്.

സംസ്ഥാനത്തെ ബാങ്ക് കവര്‍ച്ചകളായ ചേലേമ്പ്ര, പെരിയ, പൊന്ന്യം, കാന്നാണി, തിരുനാവായ കേസുകള്‍ തെളിയിക്കുന്നതില്‍ മോഹനചന്ദ്രന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. കുനിയില്‍ ഇരട്ടക്കൊലക്കേസ്, നിലമ്പൂര്‍ രാധാവധക്കേസ് എന്നിവ അന്വേഷിച്ച പ്രത്യേക സംഘത്തിലും മോഹന ചന്ദ്രന്‍ പങ്കെടുത്തിരുന്നു. കൊടിഞ്ഞി ഫൈസല്‍ വധക്കേസ്, ബിബിന്‍ വധക്കേസ്, കാസര്‍ക്കോട് റിയാസ് മൗലവി വധക്കേസ്, അരീക്കോട് കുനിയില്‍ ഇരട്ടക്കൊലക്കേസ്, ചാവക്കാട് വടക്കെക്കാട് ഷെമീര്‍ വധക്കേസ് തുടങ്ങിയ കേസുകള്‍ അന്വേഷിച്ചതും മോഹനചന്ദ്രന്‍ ആയിരുന്നു.

Read more

സംസ്ഥാന സര്‍ക്കാര്‍ ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് അനുവദിക്കാത്തതിനാല്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ ഐപിഎസ് നിയമനം നഷ്ടമായിട്ടുണ്ട്. വാളയാര്‍ ബലാല്‍സംഗ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി സോജനടക്കം മൂന്ന് പേര്‍ക്കാണ് ഐപിഎസ് സ്ഥാനക്കയറ്റത്തിനുള്ള യോഗ്യത നഷ്ടമായത്. വാളയാര്‍ പോക്‌സോ കേസ് അന്വേഷണത്തിനിടയില്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളും ഇടപെടലുകളുമാണ് ഡിവൈഎസ്പി സോജന്റെ കരിയര്‍ ബുക്കില്‍ കരിനിഴല്‍ വീഴ്ത്തിയത്. പൊലീസ് ഉദ്യോഗസ്ഥന്റെ പരാമര്‍ശങ്ങള്‍ പോക്‌സോ കേസ് പ്രതികളെ സംരക്ഷിക്കുന്ന തരത്തിലും ഇരകളായ 9ഉം 11ഉം വയസുള്ള കുട്ടികളെ അപമാനിക്കുന്ന തരത്തിലുള്ളതുമായിരുന്നു. സോജനെ സീനിയോറിറ്റി പരിഗണിച്ചാണ് ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. എന്നാൽ, ഇയാൾക്കെതിരെ ക്രിമിനൽ നടപടികൾ നിലനിൽക്കുന്നതിനാൽ സ്ഥാനക്കയറ്റം തടഞ്ഞുവച്ചിരിക്കുകയാണ്.

സോജനൊപ്പം മറ്റ് രണ്ട് ഉദ്യോഗസ്ഥരും ഷോർട്ട് ലിസ്റ്റിൽ ഉണ്ടായിരുന്നു. കിഷോർ കുമാർ ജെ, എ നസിം എന്നിവർക്കെതിരെ വകുപ്പുതല 
അച്ചടക്ക നടപടികൾ നിലനിൽക്കുന്നതിനാലാണ് അവരുടെ സ്ഥാനക്കയറ്റം നിർത്തിവച്ചത്. സംസ്ഥാന പോലീസ് ഇവർക്ക് ഇൻ്റഗ്രിറ്റി സർട്ടിഫിക്കറ്റ് 
നൽകുമ്പോൾ അവർക്ക് സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യത ഇനിയുമുണ്ട്.