'തെളിവ് എവിടെ?'; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ആകാശത്തിന് താഴെ എന്ന സിനിമയുടെ സംവിധായകനായ ലിജീഷ് മുല്ലേഴത്ത് നല്‍കിയ ഹര്‍ജിയാണ് തെളിവുകളുടെ അഭാവത്തില്‍ തള്ളിയത്.

ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, ജെ ബി പാര്‍ഡിവാല എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഹര്‍ജിയിലെ ആരോപണം തെളിയിക്കാന്‍ എന്ത് തെളിവാണ് ഉള്ളതെന്നും കോടതി ആരാഞ്ഞു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് അവാര്‍ഡ് നിര്‍ണയത്തില്‍ അനധികൃതമായി ഇടപെട്ടെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം.

ജൂറി അംഗങ്ങള്‍ തന്നെ പുരസ്‌കാര നിര്‍ണയത്തിലെ ഇടപെടലുകള്‍ സംബന്ധിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ടെന്ന് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കെ എന്‍ പ്രഭു ചൂണ്ടികാട്ടി.

Read more

എന്നാല്‍ ഹര്‍ജിക്കാരന്‍ അവാര്‍ഡ് നിര്‍ണയത്തിന്റെ പ്രാഥമിക റൗണ്ടില്‍ തന്നെ പുറത്തായതാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ പൊതുതാത്പര്യമില്ലെന്നും ബെഞ്ച് വ്യക്തമാക്കി.