മുഖ്യമന്ത്രിക്ക് ഒന്നുമറിയില്ല; തനിക്കെതിരെ പ്രതികരിച്ച രീതി തെറ്റ്, പാർട്ടിയും തിരുത്തിയില്ല; ആഞ്ഞടിച്ച് പി വി അൻവർ

മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനം നടത്തിയാണ് പിവി അൻവര്‍ എംഎല്‍എയുടെ വാര്‍ത്താസമ്മേളനം. പരസ്യപ്രസ്താവന പാടില്ലെന്ന പാര്‍ട്ടി നിര്‍ദേശം ലംഘിച്ചുകൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിൽ മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനമാണ് അൻവർ ഉന്നയിച്ചത്. മുഖ്യമന്ത്രിക്ക് ഒന്നും അറിയില്ലെന്ന് അൻവർ പറഞ്ഞു. തനിക്കെതിരെ മുഖ്യമന്ത്രി പ്രതികരിച്ച രീതി തെറ്റാണെന്നും തനിക്ക് തന്ന ഉറപ്പുകൾ ലംഘിച്ചുവെന്നും അൻവർ പറഞ്ഞു. മുഖ്യമന്ത്രിയെ പാർട്ടിയും തിരുത്തിയില്ലെന്നും അൻവർ കുറ്റപ്പെടുത്തി.

എഡിജിപിക്കെതിരായ തന്റെ പരാതിയിലെ അന്വേഷണം കൃത്യമല്ലെന്ന് നിലമ്പൂർ എംഎൽഎ പി വി അൻവർ. അന്വേഷണം കൃത്യമായ ദിശയിലല്ലെന്നും അതിനാലാണ് പാർട്ടി വിലക്ക് ലംഘിച്ച് വാർത്താസമ്മേളനം നടത്തുന്നതെന്നും പി വി അൻവർ പറഞ്ഞു. പാർട്ടി തനിക്ക് തന്ന ഉറപ്പുകൾ ലംഘിച്ചുവെന്നും പി വി അൻവർ കുറ്റപ്പെടുത്തി.

എടവണ്ണ കേസിലെ തെളിവുകൾ ശേഖരിച്ചിട്ടില്ലെന്നും പി വി അൻവർ പറഞ്ഞു. അതേസമയം എസ്പി ഓഫീസിലെ മരംമുറി കേസിലും അന്വേഷണം കാര്യക്ഷമമല്ലെന്നും അൻവർ പറഞ്ഞു. മരം മുറിയുമായി ബന്ധപ്പെട്ട് പരാതി പൊലീസ് ശരിയായിട്ടല്ല അന്വേഷിക്കുന്നത്. മുറിച്ച മരം ലേലത്തിലെടുത്ത കുഞ്ഞുമുഹമ്മദുമായി സംസാരിച്ചപ്പോള്‍ ഫോട്ടോയിലുള്ള മരത്തിന്‍റെ തടി കിട്ടിയെന്ന് പറയാനാകില്ലെന്നും തന്നെ നേരിട്ട് കൊണ്ടുപോയാല്‍ മുറിച്ച മരം കാണിച്ചുതരാമെന്നാണ് അയാള്‍ പറഞ്ഞതെന്നും അൻവർ പറഞ്ഞു. എന്നാല്‍, അതിന് ഇതുവരെ എസ്‍പിയുടെ ക്യാമ്പ് ഓഫീസില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നും അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തന്നെ കള്ളക്കടത്തുമായി ബന്ധമുള്ള ആളായി മുഖ്യമന്ത്രി ചിത്രീകരിക്കുകയാണെന്നും പി വി അൻവർ പറഞ്ഞു. കള്ളക്കടത്തുകാരെ മഹത്വവത്കരിക്കരിക്കാനുള്ള ശ്രമമാണ് താൻ നടത്തുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത്രത്തോളം മുഖ്യമന്ത്രി കടന്ന് പറയേണ്ടിയിരുന്നില്ലെന്നും പിവി അൻവര്‍ പറഞ്ഞു. അതേസമയം 188ഓളം സ്വര്‍ണക്കടത്ത് കേസുകളാണ് കരിപ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തതെന്നും ഈ 188 കേസുകളില്‍ 28 പേരെങ്കിലും ബന്ധപ്പെട്ടാൽ സത്യാവസ്ഥ പുറത്തുവരുമെന്നും അൻവർ പറഞ്ഞു.

സ്വര്‍ണം കടത്തലും പൊട്ടിക്കലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊലീസ് അന്വേഷിച്ചാല്‍ കൃത്യമായി വിവരം കിട്ടും. ഈ നിമിഷം വരെ അത്തരമൊരു അന്വേഷണം നടന്നിട്ടില്ല. പാര്‍ട്ടി എന്നിൽ നിന്ന് സത്യസന്ധമായി നടക്കുമെന്ന ഉറപ്പ് പാടെ ലംഘിക്കപ്പെട്ടു. സ്വര്‍ണം പൊട്ടിക്കല്‍ ആരോപണത്തില്‍ മുഖ്യമന്ത്രി നല്‍കിയ മറുപടി വലിയ ചിരിയായിരുന്നുവെന്നും അൻവർ പറഞ്ഞു.