'ബി.ജെ.പി നീക്കത്തില്‍ ഒരു ചുക്കും കിട്ടാനില്ല'; ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ കണ്ട് കെ.സുധാകരന്‍

ബിജെപി നേതാക്കള്‍ മതമേലധ്യക്ഷ്യന്മാരെ കണ്ടത് ആശങ്കയുളവാക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു സുധാകരന്റെ പ്രതികരണം. ബിജെപി നേതാക്കളുടെ സന്ദര്‍ശനം രാഷ്ട്രീയലക്ഷ്യം വച്ചുള്ളതാണെന്നും ഈ നീക്കത്തില്‍ അവര്‍ക്ക് ഒരുചുക്കും കിട്ടാനില്ലെന്നും സുധാകരന്‍ പറഞ്ഞു.

ക്രൈസ്തവ വിഭാഗം എല്ലാ ഘട്ടത്തിലും കോണ്‍ഗ്രസിനൊപ്പം നിന്നവരാണ്. ബിഷപ്പുമായുള്ള ചര്‍ച്ച ആശാവഹം. ആര്‍ക്കും ആരെയും കാണാം. വളച്ചൊടിച്ചത് സിപിഎം തന്ത്രമാണ്. ബിജെപിക്ക് സന്ദര്‍ശനം കൊണ്ട് പ്രയോജനമുണ്ടാകില്ല. കെ.സി ജോസഫിന്റെ നിലപാട് അപക്വമാണ്. റബര്‍ വിലയിലെ ആവശ്യം കേന്ദ്ര സര്‍ക്കാരിനോട് പറയുന്നതില്‍ തെറ്റില്ലെന്നും കര്‍ഷക പ്രശ്‌നങ്ങള്‍ക്ക് കേന്ദ്രം പരിഹാരമുണ്ടാക്കിയില്ലെന്നും സുധാകരന്‍ പറഞ്ഞു.

ക്രൈസ്തവ സഭകളെ അടുപ്പിക്കാനുള്ള ബിജെപി നീക്കത്തിന് തടയിടാന്‍ കോണ്‍ഗ്രസ് ശ്രമം തുടരുകയാണ്. അടുത്ത ആഴ്ച സിറോ മലബാര്‍ അര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെയും താമരശ്ശേരി ബിഷപ്പിനെയും സുധാകരന്‍ സന്ദര്‍ശിക്കും.

അതിനിടെ, പെരുന്നാളിന് മുസ്ലിം വീടുകള്‍ സന്ദര്‍ശിക്കാനുളള തീരുമാനത്തില്‍ ബിജെപി അയവ് വരുത്തി. വ്യാപക സന്ദര്‍ശനം വേണ്ടെന്നാണ് തീരുമാനം. പകരം മോദി സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ മുസ്ലിംങ്ങളിലേക്ക് എത്തിക്കും.