ഇത് അവിശ്വസനീയം, അനീതി; വിനേഷ് ഫോഗട്ടിനെ വിലക്കിയതിന് പിന്നിലെ വസ്തുതകൾ പുറത്തുവരണം: വി ശിവൻകുട്ടി

വിനേഷ് ഫോഗട്ടിനെ വിലക്കിയതിന് പിന്നിലെ വസ്തുതകൾ പുറത്തുവരണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ വിഷയത്തിൽ ശക്തമായി ഇടപെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇത് അവിശ്വസനീയവും അനീതിയുമാണെന്നും മന്ത്രി പറഞ്ഞു. വിനേഷാണ് യഥാർത്ഥ പോരാളിയെന്നും ഇന്ത്യക്കാരുടെ മനസ്സിൽ സ്വർണ്ണത്തിളക്കമാണെന്നും മന്ത്രി പറഞ്ഞു.

24 മണിക്കൂറിനുള്ളിൽ മൂന്ന് ലോകോത്തര താരങ്ങളെ തോൽപ്പിച്ച് ഫൈനലിൽ എത്തിയ ശേഷം ഫൈനൽ നടക്കാൻ ആറോ ഏഴോ മണിക്കൂർ മാത്രം ബാക്കി നിൽക്കെ ഏതാനും ഗ്രാം ഭാരം കൂടി എന്ന് പറഞ്ഞ് വിനേഷ് ഫോഗട്ടിനെ വിലക്കിയതിന് പിന്നിലെ വസ്തുതകൾ പുറത്തുവരേണ്ടതുണ്ട്. രാജ്യം മുഴുവൻ വിനേഷിനൊപ്പം നിൽക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഇന്ത്യൻ കായികപ്രേമികൾക്ക് ഹൃദയഭേദകമായ വാർത്തയായിരുന്നു ഉറച്ച സ്വർണ മെഡൽ പ്രതീക്ഷയായി ഗുസ്തി 50 കിലോ ഫ്രീസ്റ്റൈലിൽ ഫൈനലിൽ പ്രവേശിച്ച വിനേഷ് ഫോഗട്ടിനെ അയോഗ്യയായാക്കിയത്. ഭാരപരിശോധനയിൽ പരാജയപെട്ടതോടെയാണ് താരത്തെ അയോഗ്യയാക്കിയത്. അനുവദിനീയമായതിലും 100 ഗ്രാം ഭാരം കൂടിയതാണ് താരത്തിന് വിനയായത്.

ഇന്ന് രാവിലെ നടന്ന പരിശോധനയിലാണ് വിനേഷ് പരാജയപ്പെട്ടത്. ഇതോടെ ഉറച്ച വെള്ളിമെഡൽ പോലും താരത്തിന് കിട്ടില്ല എന്ന അവസ്ഥയിലാണ് കാര്യങ്ങൾ. സ്വർണവും വെങ്കലവും മാത്രം ആയിരിക്കും ഈ ഇനത്തിൽ ഉണ്ടാകുക. അയോഗ്യയ ആയ സ്ഥിതിക്ക് ഈ ഇനത്തിൽ അവസാന സ്ഥാനക്കാരി ആയിട്ടായിരിക്കും വിനേഷിന്റെ പേര് ഉണ്ടാകുക.