മൂന്ന് പേരെയും കൂടി കൊല്ലാനുണ്ടായിരുന്നു , അതിൽ ഒരാൾ പോലീസ് ഉദ്യോഗസ്ഥൻ; നെന്മാറ ഇരട്ട കൊലപാതക കേസ് പ്രതി ചെന്താമരയുടെ വെളിപ്പെടുത്തൽ

നെന്മാറ കൊലക്കേസിൽ പിടിയിലായ ചെന്താമര ഇനിയും കൊലപാതകങ്ങൾ നടത്താൻ പദ്ധതിയിട്ടതായി സൂചനകൾ നൽകി. സുധാകരനെയും ലക്ഷ്മിയെയും കൂടാതെ മൂന്ന് പേരെയും കൂടി താൻ കൊല്ലാൻ ലക്ഷ്യമിട്ടതായി ചെന്താമര പൊലീസിനോട് പറഞ്ഞതായി വിവരം. തന്നെ പിരിഞ്ഞുപോയ ഭാര്യ, ഒരു പൊലീസ് ഉദ്യോഗസ്ഥൻ, ഒരു അയൽവാസി എന്നിവരെ കൊലപ്പെടുത്താനാണ് ചെന്താമര തീരുമാനിച്ചിരുന്നത്.

പൊലീസ് ഉദ്യോഗസ്ഥനെന്ന് ചെന്താമര പറയുന്നത് ഇയാളുടെ മരുമകനാണെന്ന സ്ഥിരീകരിക്കാത്ത വിവരമുണ്ട്. പുഷ്പ എന്ന അയൽവാസിയെയും ചെന്താമര ലക്ഷ്യമിട്ടിരുന്നു. നെന്മാറയിലെ അരുംകൊലയ്ക്ക് ചെന്താമരയെ നയിച്ചത് അന്ധവിശ്വാസമെന്ന് പുഷ്പ റിപ്പോർട്ടർ ടിവിയോട് പറഞ്ഞിരുന്നു. ചെന്താമര അന്ധവിശ്വാസിയാണ്. മന്ത്രവാദി പറഞ്ഞത് കേട്ടാണ് കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യ സജിതയെ 2019 ൽ ചെന്താമര കൊലപ്പെടുത്തിയത്. തൃശ്ശൂരിലുളള ഒരു മന്ത്രവാദിയെ അന്ന് അയാൾ പോയി കണ്ടു. ചെന്താമരയുടെ ഭാര്യ വീട്ടിൽ നിന്ന് പോകാൻ കാരണം ധാരാളം മുടിയുള്ളവരാണെന്ന് മന്ത്രവാദി ഇയാളോട് പറഞ്ഞു. തുടർന്നാണ് ചെന്താമര, സജിതയെ കഴുത്തറുത്ത് കൊലപ്പെടുത്തുന്നതെന്നും പുഷ്പ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

തന്റെ ഭാര്യ വീടുവിട്ട് ഇറങ്ങാൻ കാരണം ഭാര്യയുടെ സുഹൃത്തുക്കളായ ഞാനും സജിതയുമാണെന്ന് അയാൾ വിശ്വസിച്ചിരുന്നു. സജിതയെ കൊന്നതിന് ശേഷം തനിക്ക് അമാനുഷിക ശക്തി ലഭിച്ചതായി ചെന്താമര വിശ്വസിച്ചുവെന്നും പുഷ്പ പറഞ്ഞു. സജിതയുടെ കൊലപാതകത്തിന് ശേഷം അയാളുടെ മാമന്റെ അടുത്ത് പോയി തനിക്ക് വലിയ ശക്തി ലഭിച്ചിട്ടുണ്ടെന്ന് ചെന്താമര അവകാശപ്പെട്ടു. ചെന്താമരയുടെ ശരീരം മുഴുവൻ ഏലസ്സുകളും ചരടുകളും കെട്ടിയിട്ടുണ്ട്. അയൽവാസികൾ കൂടോത്രം ചെയ്തിട്ടാണ് ഭാര്യ പോയതെന്നും അഞ്ചു പേരെ കൊല്ലുമെന്നും ഇയാൾ പറഞ്ഞതായി പുഷ്പ പറഞ്ഞു.

മുമ്പ് കൊടുവാൾ കൊണ്ട് ഭാര്യയെ ചെന്താമര വെട്ടിയിരുന്നു. അതിന് ശേഷമാണ് അയാളുടെ ഭാര്യ വീട്ടിൽ നിന്നും പോയത്. ഇക്കാര്യങ്ങളൊക്കെ അന്ന് പൊലീസിന് മൊഴിയായും ലഭിച്ചിട്ടുണ്ടെന്നും ചെന്താമരയുടെ അയൽവാസിയായ പുഷ്പ വ്യക്തമാക്കി. അതേസമയം ഒളിവില്‍ കഴിയവേ താന്‍ കാട്ടാനയ്ക്ക് മുന്നില്‍ പെട്ടെന്ന് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. കാട്ടാനയുടെ നേരെ മുന്നില്‍ താന്‍ എത്തിയെങ്കിലും ആന ആക്രമിച്ചില്ലെന്നും ചെന്താമര പറഞ്ഞു.മലയ്ക്ക് മുകളില്‍ പൊലീസ് ഡ്രോണ്‍ പരിശോധന നടത്തിയത് താന്‍ കണ്ടു. ഡ്രോണ്‍ വരുമ്പോഴൊക്കെ മരങ്ങളുടെ താഴെ ഒളിച്ചു. പല തവണ നാട്ടുകാരുടെ തിരച്ചില്‍ സംഘത്തെ കണ്ടെന്നും ചെന്താമര പറഞ്ഞു