ഇടുക്കി വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ കണ്ടെത്തിയ കടുവയെ ഇന്ന് മയക്കുവെടിവെയ്ക്കും. വെറ്റിനറി അസിസ്റ്റന്റ് സർജൻ ഡോക്ടർ അനുരാജിന്റെ നേതൃത്വത്തിലാണ് ദൗത്യം നടക്കുക. കടുവയുടെ കാലിലെ പരിക്ക് ഗുരുതരമാണ്. ഇതിന്റെ ഭാഗമായി വണ്ടിപ്പെരിയാർ പഞ്ചായത്തിലെ 15ാം വാർഡിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ഇന്ന് വൈകിട്ട് ആറുവരെയാണ് നിരോധനാജ്ഞ.
രാവിലെ ഡ്രോൺ നിരീക്ഷണത്തിൽ കടുവയെ കണ്ടില്ലെന്നും ഇന്നലെയുണ്ടായിരുന്ന സ്‌ഥലത്തുനിന്നും കടുവ മാറിയിട്ടുണ്ടെന്നും എരുമേലി റേഞ്ച് ഓഫീസർ കെ ഹരിലാൽ പറഞ്ഞു. മൂടൽ മഞ്ഞും തെരച്ചിലിന് വെല്ലുവിളിയാണ്. കടുവ കൂടുതൽ ദൂരം സഞ്ചരിക്കാൻ സാധ്യതയില്ലെന്നും ഡ്രോൺ ഉപയോഗിച്ചും നേരിട്ട് ഉറങ്ങിയും പരിശോധന നടത്തുമെന്നും ഹരിലാൽ പറഞ്ഞു.
Read more
സ്വയം ഇര തേടി പിടിക്കാൻ കഴിയാത്ത സാഹചര്യം ഉള്ളതിനാൽ മയക്കു വെടി വെച്ച് പിടികൂടുന്ന കടുവയെ പെരിയാർ കടുവാ സങ്കേതത്തിൽ എത്തിച്ച് വിദഗ്ധ ചികിത്സ നൽകുവാനാണ് വനം വകുപ്പിന്റെ തീരുമാനം. തുടർന്ന് കടുവ വെറ്റിനറി ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ആയിരിക്കും. ഇവരുടെ നിർദ്ദേശപ്രകാരം ആയിരിക്കും കടുവയെ കാട്ടിൽ തുറന്നു വിടുന്നത് അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുക.