കൊച്ചിയില്‍ പിടിച്ചെടുത്തത് രണ്ട് കോടിയുടെ കുഴല്‍പ്പണം; രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

കൊച്ചിയില്‍ രണ്ട് കോടിയുടെ കുഴല്‍പ്പണം പിടിച്ചെടുത്തു. വെല്ലിംഗ്ടണ്‍ ഐലന്റിന് സമീപം ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച പണമാണ് പൊലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ രാജഗോപാല്‍ ബീഹാര്‍ സ്വദേശി സബീഷ് അഹമ്മദ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഹാര്‍ബര്‍ പൊലീസ് ആണ് ഇരുവരെയും പിടികൂടിയത്. രാജഗോപാല്‍ 20 വര്‍ഷമായി കൊച്ചിയില്‍ താമസിച്ചുവരുന്ന ആളാണെന്നാണ് വിവരം. പിടിച്ചെടുത്ത പണം കള്ളപ്പണമാണോ എന്ന് പൊലീസ് പരിശോധിച്ചുവരുന്നു. കൂടുതല്‍ പരിശോധന നടത്തിയതിന് ശേഷം മാത്രമേ സംഭവത്തില്‍ വ്യക്തത വരുത്താന്‍ കഴിയൂവെന്നാണ് പൊലീസ് പറയുന്നത്.

കണ്ണങ്കാട് പാലത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. എറണാകുളം ബ്രോഡ്വേയിലുള്ള ഒരു സ്ഥാപന ഉടമ ഏല്‍പ്പിച്ച പണമാണിതെന്നാണ് ലഭ്യമാകുന്ന സൂചനകള്‍. വെല്ലിംഗ്ടണ്‍ ഭാഗത്ത് കാത്തുനില്‍ക്കാമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ പണവുമായി എത്തിയതെന്നാണ് മനസിലാക്കുന്നത്.