മട്ടന്നൂരിലെ യു.ഡി.എഫ് മുന്നേറ്റം അഴിമതിക്കാരനും കള്ളക്കടത്തുകാരനുമായ മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരം: കെ. സുധാകരന്‍

കണ്ണൂര്‍ മട്ടന്നൂര്‍ നഗരസഭയിലെ യുഡിഎഫ് മുന്നേറ്റം ‘അഴിമതിക്കാരനും കള്ളക്കടത്തുകാരനുമായ’ മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മട്ടന്നൂര്‍ നഗരസഭയിലെ യുഡിഎഫ് സീറ്റ് ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ച പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം അറിയിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം.

സിപിഎം ചെങ്കോട്ടയെന്ന് അവകാശപ്പെടുന്ന മട്ടന്നൂരിന്റെ മാറുന്ന രാഷ്ട്രീയമാണ് തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചത്. ഇരുള്‍ നിറഞ്ഞ പാര്‍ട്ടി ഗ്രാമങ്ങളില്‍ ജനാധിപത്യത്തിന്റെ വെള്ളിവെളിച്ചം അരിച്ചു കേറുന്നുവെന്നും കെ സുധാകരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കൈയ്യും മെയ്യും മറന്ന് പൊരുതി മട്ടന്നൂരില്‍ സീറ്റ് ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ച എന്റെ പ്രിയപ്പെട്ട UDF പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങള്‍. കേരളത്തിന്റെ മാറുന്ന രാഷ്ട്രീയമാണ് ചെങ്കോട്ടയെന്ന് CPM അവകാശപ്പെടുന്ന മട്ടന്നൂരില്‍ കണ്ടത്. ഇരുള്‍ നിറഞ്ഞ പാര്‍ട്ടി ഗ്രാമങ്ങളില്‍ ജനാധിപത്യത്തിന്റെ വെള്ളിവെളിച്ചം അരിച്ചു കേറുന്നു.

ഭരണം നിലനിര്‍ത്താന്‍ CPM ന് കഴിഞ്ഞെങ്കിലും അഴിമതിക്കാരനും കള്ളക്കടത്തുകാരനുമായ മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരമാണ് അവരില്‍ നിന്നും UDF പിടിച്ചെടുത്ത 7 സീറ്റുകള്‍. കേരളത്തെ ഇന്ത്യയുടെ ”കോവിഡ് ഹബ്ബ് ‘ ആക്കി നാണംകെടുത്തിയ കെ കെ ഷൈലജ പോലും വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച മട്ടന്നൂരിലെ UDF ന്റെ മിന്നുന്ന പ്രകടനത്തില്‍ പിണറായിയുടെ ധാര്‍ഷ്ട്യത്തിലും അഴിമതിയിലും മനം മടുത്ത CPM പ്രവര്‍ത്തകര്‍ക്ക് കൂടി പങ്കുണ്ട്. സ്വന്തം മനസ്സാക്ഷിയുടെ വിലയേറിയ അംഗീകാരം UDF ന് രേഖപ്പെടുത്തിയ പ്രബുദ്ധ ജനതയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി.

Read more