വയനാട് ജില്ലയിൽ യുഡിഎഫ് ഹർത്താൽ തുടങ്ങി; ലക്കിടിയിൽ സംഘർഷം

വന്യജീവി ആക്രമണത്തിൽ തുടർച്ചയായി മനുഷ്യജീവനുകൾ കൊല്ലപ്പെട്ടിട്ടും സർക്കാർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് വയനാട്ടിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

വയനാടിൻ്റെ പ്രവേശന കവാടമായ ലക്കിടിയിൽ യുഡിഎഫ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. വാഹനം തടഞ്ഞ് പ്രതിഷേധിച്ച ഹർത്താൽ അനുകൂലികളെ പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം ഉണ്ടായത്. സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലയിൽ സർവീസ് നടത്തേണ്ടതില്ലെന്നാണ് സ്വകാര്യ ബസ് ഓപ്പറേറ്റർമാരുടെ തീരുമാനം. അതേസമയം കെഎസ്ആർടിസി സർവീസ് നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങളും ഓടുന്നുണ്ട്.

Read more

രണ്ട് ദിവസത്തിനിടെ രണ്ട് പേരാണ് വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി അട്ടമലയിലും തിങ്കളാഴ്ച വൈകിട്ട് നൂൽപ്പുഴയിലും ഉണ്ടായ കാട്ടാന ആക്രമണത്തിലാണ് രണ്ടുപേർ കൊല്ലപ്പെട്ടത്. 43 ദിവസത്തിനിടെ നാലു പേർ വന്യജീവി ആക്രമണത്തിൽ വയനാട്ടിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ബുധനാഴ്ചയും വയനാട്ടിൽ ഹർത്താൽ ആചരിച്ചിരുന്നു. തൃണമൂൽ കോൺഗ്രസും ഫാർമേഴ്‌സ് റീലീഫ് ഫോറവും ചേർന്നായിരുന്നു ഹർത്താൽ സംഘടിപ്പിച്ചത്.