കുറ്റസമ്മത മൊഴി നൽകാൻ തയ്യാറല്ല; നിലപാട് മാറ്റി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

പാലക്കാട് നെൻമാറ ഇരട്ടക്കൊലപാതക കേസിൽ നിലപാട് മാറ്റി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. കുറ്റസമ്മത മൊഴി നൽകാൻ തയ്യാറല്ലെന്ന് ചെന്താമര പറഞ്ഞു. അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ചെന്താമര നിലപാട് മാറ്റിയിരിക്കുന്നത്.

ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഇന്ന് ഉച്ചക്ക് ശേഷം ചെന്താമരയെ ഹാജരാക്കിയത്. പ്രതിയുടെ കുറ്റസമ്മതമൊഴി എടുക്കാൻ വേണ്ടിയാണ് ജ‍ഡ്ജിക്ക് മുന്നിൽ ഹാജരാക്കിയത്. കുറ്റസമ്മത മൊഴി രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളുണ്ടായിരുന്നു. ആ ചോദ്യങ്ങൾക്കെല്ലാം കൂസലില്ലാതെ ആയിരുന്നു പ്രതിയുടെ മറുപടി. അഭിഭാഷകനെ കണ്ടതിന് ശേഷമാണ് ചെന്താമരയുടെ നിലപാട് മാറ്റം.

അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ച് പാലക്കാട് സിജെഎം കോടതിയാണ് രഹസ്യ മൊഴിയെടുക്കാന്‍ ഉത്തരവിട്ടത്. രഹസ്യമൊഴി രേഖപ്പെടുത്താന്‍ ചിറ്റൂര്‍ മജിസ്‌ട്രേറ്റ് കോടതിയെ പാലക്കാട് സിജെഎം കോടതി ചുമതലപ്പെടുത്തുകയും ചെയ്തു. അതേസമയം, ചെന്താമരയുടെ ആദ്യ കേസിന്റെ ജാമ്യം റദ്ദാക്കി. 2019ല്‍ പോത്തുണ്ടി സ്വദേശിനി സജിതയെ കൊലപ്പെടുത്തിയ കേസിലെ ജാമ്യമാണ് റദ്ദാക്കിയത്. പാലക്കാട് സെഷന്‍സ് കോടതിയുടേതാണ് നടപടി. ഈ കേസിലെ ജാമ്യത്തില്‍ പുറത്തിറങ്ങിയപ്പോഴാണ് ചെന്താമര സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊന്നത്.