ആശ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനെതിരെ മന്ത്രി വി ശിവന്‍കുട്ടി. ആശ പ്രവര്‍ത്തകര്‍ സെക്രട്ടറേറിറ്റിന് മുന്നില്‍ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച സംഭവത്തിലാണ് ശിവന്‍കുട്ടി ആക്ഷേപം ഉന്നയിച്ചത്. തലമുണ്ഡനം ചെയ്തവര്‍ പ്രതിഷേധിക്കേണ്ടത് ഡല്‍ഹിയിലാണെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ വഴി കേന്ദ്ര സര്‍ക്കാരിന് കൊടുത്തയക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ പ്രാദേശിക ജനപ്രതിനിധികള്‍ സമരത്തില്‍ നുഴഞ്ഞു കയറി. കേന്ദ്ര തൊഴില്‍ മന്ത്രിക്ക് കത്ത് അയച്ചിട്ട് ഒരു മറുപടിയും ലഭിച്ചില്ലെന്നും ശിവന്‍കുട്ടി ആരോപിച്ചു.
50-ാം ദിനമായ ഇന്ന് ആശവര്‍ക്കര്‍മാരില്‍ ഒരാളായ പത്മജ തല മുണ്ഡനം ചെയ്തുകൊണ്ടാണ് തന്റെ പ്രതിഷേധം അറിയിച്ചത്. സമര നേതാവ് മിനി ആദ്യം മുടിമുറിച്ചു. പിന്നാലെ മറ്റുള്ളവര്‍ മുടി മുറിച്ചു. എത്രത്തോളം മുടിമുറിക്കണമെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണെന്നും സമരനേതാക്കള്‍ വ്യക്തമാക്കി.
‘ഇപ്പോള്‍ ഞങ്ങള്‍ മുടി മുറിച്ചുമാറ്റുന്നു, ഇനി സര്‍ക്കാര്‍ ഞങ്ങളുടെ തല വെട്ടിമാറ്റട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് നൂറുകണക്കിന് ആശാവര്‍ക്കര്‍മാര്‍ മുടിമുറിച്ച് പ്രതിഷേധിച്ചിരിക്കുന്നത്. ആശമാരുടെ ഓണറേറിയം വര്‍ധിപ്പിക്കുക, പെന്‍ഷന്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നടന്നുവരുന്ന ആശാവര്‍ക്കര്‍മാരുടെ സമരം അമ്പതാം ദിവസത്തിലേക്ക് കടന്ന ദിനത്തിലാണ് ആശമാര്‍ മുടിമുറിച്ച് പ്രതിഷേധിച്ചിരിക്കുന്നത്.
Read more
അതേസമയം കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ നടത്തിവരുന്ന പ്രക്ഷോഭത്തോട് മുഖംതിരിച്ചുനില്‍ക്കുകയാണ് സര്‍ക്കാര്‍. ഫെബ്രുവരി 10-ന് ആരംഭിച്ച സമരത്തിനിടെ, ഫെബ്രുവരി 15, മാര്‍ച്ച് 20 ദിവസങ്ങളില്‍ രണ്ടുവട്ടംമാത്രമാണ് ചര്‍ച്ച നടന്നത്. മുടി മുറിക്കല്‍ സമരത്തോടെ ആഗോളതലത്തില്‍ സമരത്തിന് പിന്തുണയേറും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ആശമാരുടെ നിരാഹാര സമരം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നു.