അധിക തുക മറ്റ് രോ​ഗികൾക്ക് നൽകാമെന്ന് വർഷ പറഞ്ഞിരുന്നു; ഫിറോസ് കുന്നംപറമ്പിൽ‌

ചികിത്സാസഹായമായി ലഭിച്ച അധിക തുക​ മറ്റ് രോ​ഗികൾക്ക് നൽകാമെന്ന് വർഷ അറിയിച്ചിരുന്നെന്ന് ഫിറോസ് കുന്നംപറമ്പിൽ പൊലീസിനോട് പറഞ്ഞു. ചികിത്സാസഹായത്തിന് ലഭിച്ച പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന് കണ്ണൂർ തളിപ്പറമ്പ് സ്വദേശി വർഷ നൽകിയ പരാതിയിൽ പൊലീസ് ഫിറോസടക്കം നാലുപേർക്കെതിരെ കേസെടുത്തിരുന്നു.

ഏതന്വേഷണവും നേരിടാൻ തയ്യാറാണെന്നും താൻ ആരെയും ഭീഷണിപ്പെടുത്തിയട്ടില്ല. കാര്യങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തത്. തനിക്കെതിരെ പെൺകുട്ടി പരാതിയും പറഞ്ഞിട്ടില്ലെന്നും ഫിറോസ് പറഞ്ഞു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കരൾമാറ്റ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച വർഷയുടെ അമ്മയുടെ ചികിത്സയ്ക്കായി ഒരു കോടി ഇരുപത്തി അഞ്ച് ലക്ഷത്തിലധികം രൂപയാണു സഹായമായി അക്കൗണ്ടിൽ ലഭിച്ചത്.

Read more

എന്നാൽ പിന്നീട് ചികിത്സാചെലവ് കഴിഞ്ഞു ബാക്കി തുക ജോയിൻറ് അക്കൗണ്ടിലേക്ക് മാറ്റാൻ സാജൻ കേച്ചേരി അടക്കമുള്ളവർ ഭീഷണിപ്പെടുത്തിയെന്നു കാണിച്ചാണ് വർഷ പൊലീസിൽ പരാതി നൽകിയത്. ഈ പരാതിയിലാണ് കൊച്ചി എസിപി കെ. ലാൽജി, ഫിറോസ് കുന്നുംപറമ്പിലിനെ ചോദ്യം ചെയ്തത്.