കോട്ടയം വെള്ളൂര്‍ സഹകരണ ബാങ്കിലും കോടികളുടെ തട്ടിപ്പ്. സിപിഎം ഭരണസമിതിയുടെ നിയന്ത്രണത്തിന് കീഴിലുള്ള ബാങ്കിൽ തട്ടിയത് നിക്ഷേപകരുടെ 44 കോടി രൂപയാണ്. വായ്പ എടുത്തവരറിയാതെ ഈടിന്‍മേല്‍ വായ്പകള്‍ അനുവദിച്ചും, വ്യാജ രേഖ ചമച്ചും സോഫ്‌ട്വെയറില്‍ ക്രമക്കേട് നടത്തിയുമാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഭരണ സമിതിക്കെതിരെ നപടി എടുക്കണമെന്ന് സഹകരണ രജിസ്ട്രാര്‍ ഉത്തവിട്ടെങ്കിലും രണ്ട് വര്‍ഷമായിട്ടും ഒന്നും സംഭവിച്ചില്ല. വിജിലൻസ് അന്വേഷണവും പാതി വഴിയില്‍ മുടങ്ങി.
വെള്ളൂര്‍ സഹകരണ ബാങ്കില്‍ ജോയിന്റ് രജിസ്ട്രാര്‍ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കണക്കുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ജീവനക്കാരും ബോര്‍ഡംഗങ്ങളുമുള്‍പ്പടെ 29 പേരോടാണ് പണം തിരികെ അടയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. മരുന്ന് വാങ്ങാനും മക്കളെ പഠിപ്പിക്കാനും പണമില്ലാതെ ബുദ്ധിമുട്ടുകയാണ് നിക്ഷേപകര്‍.
102 കോടി നിക്ഷേപ മൂലധനമുണ്ടായിരുന്നു വെള്ളൂര്‍ സഹകരണ ബാങ്കിന്. 30 വര്‍ഷമായി സിപിഎം നിയന്ത്രിത ഭരണ സമിതിയാണ് ഭരണം. ഒരേ വസ്തുവിന്‍റെ ഈടില്‍ ഇഷ്ടക്കാര്‍ക്ക് വായ്പ നല്‍കി. ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഒറ്റ രേഖയില്‍ കോടികള്‍ അനുവദിച്ചു. ജീവനക്കാരുടെ ബന്ധുക്കളും പണം യഥേഷ്ടം കൈക്കലാക്കി. ഈടില്ലാതെ വായ്പകള്‍ നല്‍കി. സാധാരണക്കാരന്‍റെ പണമെല്ലാം അങ്ങനെ കൊള്ളക്കാര്‍ വീതിച്ചെടുത്തു.
Read more
സഹകരണ വകുപ്പ് 65, 68 വകുപ്പ് പ്രകാരം അന്വേഷണം നടന്നു. 1998 മുതല്‍ 2018 വരെ നടന്ന തട്ടിപ്പില്‍ ഭരണ സമിതിയിലെ 29 പേര്‍ക്കെതിരെ നടപടി എടുക്കാനും അവരില്‍ നിന്നും നഷ്ടമായ 44 കോടി തിരിച്ച് പിടിക്കാനും ഉത്തരവായി. വിജിലൻസും കേസ് എടുത്തെങ്കിലും കൊവിഡ് കാരണം നിരത്തി അവര്‍ക്കും അനക്കമില്ല. ചുരുക്കത്തില്‍ പണം തട്ടിച്ചവര്‍ സുഖലോലുപരായി വിലസുന്നു. ലക്ഷങ്ങള്‍ നിക്ഷേപിച്ചവര്‍ ജീവിതച്ചെലവിനായി നെട്ടോട്ടമോടുന്നു.