അക്രമസംഭവത്തെ വര്‍ഗീയവത്കരിച്ചു; മതസ്പര്‍ദ്ധ വളര്‍ത്തിയ യൂട്യൂബ് ചാനല്‍ അവതാരകന്‍ അറസ്റ്റില്‍

യൂട്യൂബ് ചാനലിലൂടെ മതസ്പര്‍ദ്ധവളര്‍ത്തുന്ന തരത്തിലുള്ള വീഡിയോ പ്രചരിപ്പിച്ച കേസില്‍ അവതാരകന്‍ അറസ്റ്റില്‍. നെയ്യാറ്റിന്‍കര കണിയാംകുളത്ത് ഇരുമ്പ് പാലത്തിന് അടുത്ത് വാടകയ്ക്ക് താമസിക്കുന്ന ബാദുഷ ജമാല്‍ (32) ആണ് അറസ്റ്റിലായത്. ഒരാഴ്ച മുമ്പ് നെയ്യാറ്റിന്‍കരയിലെ ഒരു കുടുംബത്തില്‍ കുട്ടികള്‍ ഉള്‍പ്പടെ എല്ലാവരും ആക്രമിക്കപ്പെട്ട ഒരു സംഭവമുണ്ടായിരുന്നു. ആ സംഭവത്തെ വര്‍ഗ്ഗീയ വല്‍ക്കരിച്ച് പ്രചരിപ്പിച്ചതിനാണ് ബാദുഷയക്ക് എതിരെ കേസെടുത്തിരിക്കുന്നത്.

വഴിമുക്ക് പച്ചിക്കോട്, നിസാം മന്‍സിലില്‍ താമസിക്കുന്ന നിസാം, ഭാര്യ ആന്‍സില, ഇവരുടെ രണ്ടു വയസ്സുള്ള മകന്‍ എന്നിവരെ സമീപവാസികള്‍ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തെങ്കിലും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഈ സംഭവത്തെ ബാദുഷ യൂട്യൂബ് ചാനല്‍ വഴി മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പ്രചരിപ്പിച്ചുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ‘ഡെമോക്രസി’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പ്രചരിപ്പിച്ചത്.

Read more

മതസ്പര്‍ദ്ധ വളര്‍ത്തല്‍, ഇലക്ട്രോണിക് മാധ്യമം ദുരുപയോഗം ചെയ്യല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാള്‍ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറും പൊലീസ് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. എസ്. ശ്രീകാന്ത്, സി.ഐ. വി.എന്‍. സാഗര്‍, എസ്.ഐ. ടി.പി. സെന്തില്‍കുമാര്‍ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.