വിഴിഞ്ഞം തുറമുഖത്തിനെതിരെയുള്ള സമരം രാജ്യദ്രോഹക്കുറ്റം; ഉടന്‍ കപ്പലുകള്‍ എത്തിക്കും; പ്രതിഷേധക്കാരെ തള്ളി മന്ത്രി വി.അബ്ദുറഹിമാന്‍

വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണത്തിനെതിരെയുള്ള സമരം രാജ്യദ്രോഹക്കുറ്റമാണെന്ന് ഫിഷറീസ് മന്ത്രി വി.അബ്ദുറഹിമാന്‍. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നത് രാജ്യദ്രോഹക്കുറ്റമാണ്. വിഴിഞ്ഞം പദ്ധതിക്കായി ആരെയും കുടിയൊഴിപ്പിക്കുകയോ ദ്രോഹിക്കുകയോ സര്‍ക്കാര്‍ ചെയ്തിട്ടില്ല. തൊഴിലാളി വിരുദ്ധ സമീപനവും സ്വീകരിച്ചിട്ടില്ല. കാര്യങ്ങള്‍ പഠിച്ച് പരിഹാരം കാണാനാണ് സര്‍ക്കാര്‍ ഇതുവരെ ശ്രമിച്ചിട്ടുള്ളത്. ഒരു മത്സ്യത്തൊഴിലാളിയുടെയും കണ്ണുനീര്‍ വീഴാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലന്നും അദേഹം വ്യക്തമാക്കി.

തുറമുഖ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കി വിഴിഞ്ഞത്ത് കപ്പലുകളെത്തിക്കും. തുറമുഖം പൂര്‍ത്തിയാക്കുകയെന്നത് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണ്. നിര്‍മാണത്തിനു ചെറിയ തടസ്സങ്ങളുണ്ടെങ്കിലും അവ മാറും. തുറമുഖ വിരുദ്ധസമര സമിതി ഉന്നയിച്ച ആറു ആവശ്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് തീരശോഷണത്തെക്കുറിച്ച് പഠനം നടത്തണമെന്ന് പറയുമ്പോള്‍ അത് സമരമല്ല മറ്റെന്തോ ആണെന്നു മന്ത്രി വ്യക്തമാക്കി.

അതേസമയം, വിഴിഞ്ഞം തുറമുഖപദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്താനുള്ള ഏക്സ്പെര്‍ട്ട് സമ്മിറ്റ് പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കില്ല. വിഴിഞ്ഞം സീ പോര്‍ട്ട് കമ്പനി മസ്‌ക്കറ്റ് ഹോട്ടലില്‍ സംഘടിപ്പിക്കുന്ന പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും എന്നായിരുന്നു അറിയിച്ചിരുന്നത്. മുഖ്യമന്ത്രിക്ക് പകരം ധനമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യും.

ശശി തരൂരും പരിപാടിയില്‍ പങ്കെടുക്കില്ല. ഔദ്യോഗികമായി ക്ഷണിച്ചിരുന്നില്ലെന്നാണ് ശശി തരൂരിന്റെ ഓഫീസ് നല്‍കുന്ന വിശദീകരണം. സമരം സംഘര്‍ഷമായ പശ്ചാത്തലത്തിലാണ് കേരള വികസനത്തിന് പദ്ധതി അനിവാര്യമാണെന്ന പ്രചാരണം സംഘടിപ്പിക്കുന്നത്. അതിനിടെ വിഴിഞ്ഞത്തെ സ്പെഷ്യല്‍ പൊലീസ് ഓഫീസറായി ഡിഐജി ആര്‍.നിശാന്തിനിയെ നിയമിച്ചു. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കാന്‍ ഡിഐജിക്ക് കീഴില്‍ പ്രത്യേക പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തേയും നിയമിച്ചിട്ടുണ്ട്. നാല് എസ്.പിമാരും ഡിവൈഎസ്പിമാരും അടങ്ങുന്നതാണ് സംഘം.

ക്രമസമാധാനപാലനത്തോടൊപ്പം വിഴിഞ്ഞം സംഘര്‍ഷത്തെക്കുറിച്ചുള്ള അന്വേഷണവും ഇവര്‍ നടത്തും. ഡിസിപി അജിത്കുമാര്‍, കെ.ഇ. ബൈജു, മധുസൂദനന്‍ എന്നിവര്‍ സംഘത്തിലുണ്ട്. വിഴിഞ്ഞത്ത് വരും ദിവസങ്ങളിലും പ്രതിഷേധങ്ങളും ആക്രമണങ്ങളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നാണ് രഹസ്യ അന്വേഷണ വിഭാഗം നല്‍കിയിട്ടുളള റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടുതല്‍ പൊലീസിനെ പ്രദേശത്ത് വിന്യസിക്കണമെന്നും നിര്‍ദേശമുണ്ട്.