എടുത്തോണ്ട് പോടാ, ഇവന്റയൊക്കെ സര്‍ട്ടിഫിക്കറ്റ് വേണല്ലോ ഇനി ശൈലജയ്ക്ക്; 'വര്‍ഗീയ ടീച്ചറമ്മ' പരാമര്‍ശത്തില്‍ യൂത്ത് കോണ്‍ഗ്രസിനെതിരെ ഡിവൈഎഫ്‌ഐ

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ. ഷൈലജയ്‌ക്കെതിരായ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്.

രാഷ്ട്രീയം പറഞ്ഞ് വടകരയില്‍ ജയിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ ഷാഫി ഷൈലജയെ ചെളി വാരിയെറിയാന്‍ ഇറക്കിയതാണ് ഈ യൂത്തനെ എന്ന് സനോജ് ഫേസ്ബുക്കില്‍ കുറിച്ചു. കെ.കെ. ഷൈലജയെ ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് പി.കെ. ശശികലയുമായി താരതമ്യപ്പെടുത്തിയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരിഹാസം.

ശശികല ടീച്ചറേതാ, ഷൈലജ ടീച്ചറേതായെന്ന് മനസിലാകുന്നില്ലെന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ടീച്ചറുമ്മാരുടെ ആരാധാകരെയും തരംതിരിച്ചറിയാന്‍ പറ്റാതായി. ‘വര്‍ഗീയ ടീച്ചറമ്മ’ എന്നും രാഹുല്‍ കുറിച്ചു. ഇതിനെതിരെയാണ് ഡിവൈഎഫ്‌ഐ രംഗത്തെത്തിയത്.

വികെ സനോജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

Read more

രാഷ്ട്രീയം പറഞ്ഞ് വടകരയില്‍ ജയിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ ഷാഫി
ശൈലജ ടീച്ചറെ ചെളി വാരിയെറിയാന്‍ ഇറക്കിയതാണ് ഈ യൂത്തനെ. ലൈംഗികാധിക്ഷേപവും വര്‍ഗ്ഗീയ പ്രചാരണവുമൊക്കെ നടത്തി ‘ആറാട്ട് മുണ്ടന്‍’ തന്റെ റോള്‍ നന്നായി ചെയ്തിട്ടുണ്ട്. വ്യാജതിരിച്ചറിയല്‍ കാര്‍ഡ് അച്ചടിച്ച് പ്രസിഡന്റായ ഇവന്റയൊക്കെ സര്‍ട്ടിഫിക്കറ്റ് വേണല്ലോ ഇനി ശൈലജ ടീച്ചര്‍ക്ക്. എടുത്തോണ്ട് പോടാ.