വയനാട് ഉരുൾപൊട്ടൽ: മുണ്ടക്കൈയിൽ ഇനിയും കണ്ടെത്താനുള്ളത് 119 പേർ; കാണാതായവരുടെ കരട് പട്ടിക പുതുക്കി

വയനാട്ടിലെ മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഇനിയും കണ്ടെത്താനുള്ളത് 119 പേർ. കാണാതായവരുടെ പുതുക്കിയ കരട് പട്ടികയിലാണ് ഇതുസംബന്ധിച്ച വിറങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഡിഎൻഎ ഫലം കിട്ടിത്തുടങ്ങിയതിനു പിന്നാലെയാണ് കാണാതായവരുടെ എണ്ണം വീണ്ടും കുറഞ്ഞത്. ആദ്യം തയ്യാറാക്കിയ പട്ടികയിൽ 128 പേരാണ് ഉണ്ടായിരുന്നത്.

ഡിഎൻഎ വിവരങ്ങൾ ഇനിയും സർക്കാർ പുറത്ത് വിട്ടിട്ടില്ല. കാണാതായവരുടെ അടുത്ത ബന്ധുക്കളുടെ രക്തസാമ്പിളുകളുടെ വിവരങ്ങൾ തമ്മിൽ താരതമ്യം ചെയ്യുന്ന നടപടി ആണ് ഇനി പൂർത്തീകരിക്കാൻ ബാക്കി ഉള്ളത്. ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ട വാഹനങ്ങളുടെ വിവരം മോട്ടോര്‍ വാഹന വകുപ്പ് ശേഖരിക്കുകയാണ്. പൂര്‍ണ്ണമായി നഷ്ടപ്പെട്ട വാഹനങ്ങള്‍, ഉപയോഗ്യമല്ലാത്ത വാഹനങ്ങള്‍ എന്നീ വിവരങ്ങളാണ് ശേഖരിക്കുന്നത്.

അതേസമയം, ദുരിതാശ്വാസക്യാമ്പുകളിലുള്ള കുടുംബങ്ങളെ ചൊവ്വാഴ്ചയോടെ വാടക വീടുകളിലേക്ക് മാറ്റാനും നിലവിൽ ക്യാമ്പുകൾ ആയി പ്രവർത്തിക്കുന്ന സ്കൂളുകളിൽ അധ്യയനം തുടങ്ങാനുമാണ് സർക്കാർ ആലോചന. 10 സ്കൂളുകളാണ് നിലവിൽ ദുരിതാശ്വാസക്യാമ്പുകൾ ആയി പ്രവർത്തിക്കുന്നത്. ഇതിനോടകം നൂറിലധികം കുടുംബങ്ങൾ ബന്ധു വീടുകളിലേക്ക് വാടകവീടുകളിലേക്കോ മാറിയതായാണ് സർക്കാർ കണക്ക്. 400 ൽ ഏറെ കുടുംബങ്ങൾ ഇപ്പോഴും ക്യാമ്പുകളിൽ ഉണ്ട്.