വയനാട്ടിലെ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ ഡോഗ് സ്‌ക്വാഡിനെ കൂടി ലഭ്യമാക്കണമെന്ന് കേരള സര്‍ക്കാര്‍ സൈന്യത്തോട് അഭ്യര്‍ത്ഥിച്ചു. സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം മീററ്റ് ആര്‍. വി.സി യില്‍ നിന്ന് സൈന്യത്തിന്റെ ഡോഗ് സ്‌ക്വാഡ് എത്തും. തിരച്ചിലിന് ഫോറസ്റ്റിന്റെ ഡ്രോണ്‍ കൂടി പങ്കാളിയാവും. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകിട്ട് 5 മണിക്ക് മാധ്യമങ്ങളെ കാണും.
രക്ഷാപ്രവര്‍ത്തനത്തിന് കോഴിക്കോട്ടുനിന്നുള്ള 150 അംഗ സൈനികസംഘം ചൂരല്‍മലയിലെത്തി. ഇവര്‍ മുണ്ടക്കൈയിലേക്ക് താല്‍ക്കാലിക പാലം നിര്‍മിക്കാനുള്ള സാധ്യതകള്‍ തിരയുകയാണ്. കണ്ണൂര്‍ ഡിഫന്‍സ് സെക്യൂരിറ്റി കോറിലെ 160 പേരടങ്ങുന്ന സംഘവും ബെംഗളൂരുവില്‍ നിന്ന് സൈന്യത്തിന്റെ മദ്രാസ് എന്‍ജിനീയറിങ് ഗ്രൂപ്പും (എംഇജി) വയനാട്ടില്‍ എത്തും. ഉരുള്‍പൊട്ടലില്‍ പാലം തകര്‍ന്ന സാഹചര്യത്തില്‍ ബദല്‍ സംവിധാനം അടക്കമുള്ള കാര്യങ്ങളാണ് സൈന്യത്തിന്റെ എന്‍ജിനീയറിങ് വിഭാഗം നടപ്പാക്കുക.
മേപ്പാടി ചൂരല്‍മലയിലും മുണ്ടക്കൈ ടൗണിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ 63 ആയി. മേപ്പാടി ഹെല്‍ത്ത് സെന്ററില്‍ 35 മൃതദേഹങ്ങളും വിംസ് ആശുപത്രിയില്‍ 8 മൃതദേഹങ്ങളുമുണ്ട്. ചാലിയാറില്‍ ഒഴുകിയെത്തിയ 20 മൃതദേഹങ്ങളാണ് നിലമ്പൂരിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് കണ്ടെത്തിയത്. ഇവ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വൈത്തിരി താലൂക്ക് ആശുപത്രിയിലും മലപ്പുറം ചുങ്കത്തറ ആശുപത്രിയിലും ഒരു മൃതദേഹം വീതവുമുണ്ട്. എഴുപതിലേറെപ്പേര്‍ വിവിധ ആശുപത്രിയിലായി ചികിത്സയിലാണ്.
മുണ്ടക്കൈ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും പൂര്‍ണതോതില്‍ ഇവിടെ എത്താന്‍ കഴിഞ്ഞിട്ടില്ല. എന്‍ഡിആര്‍എഫിന്റെ 5 പേരടങ്ങുന്ന ചെറുസംഘത്തിന് മാത്രമാണ് ഇതുവരെ മുണ്ടക്കൈയിലെത്താനായത്. ചൂരല്‍പ്പുഴയ്ക്ക് അപ്പുറത്ത് കുടുങ്ങിക്കിടക്കുന്നവര്‍ക്ക് എന്‍ഡിആര്‍എഫ് സംഘം ഭക്ഷണമെത്തിച്ചു നല്‍കി. പുഴയ്ക്ക് കുറുകെ കെട്ടിയ വടത്തിലൂടെയാണ് ഉദ്യോഗസ്ഥര്‍ പുഴ കടന്ന് അക്കരെ എത്തിയത്. ഇവിടുത്തെ ദുരന്തത്തിന്റെ വ്യാപ്തി ഇതുവരെ പുറത്തുവന്നിട്ടില്ല. നിലവില്‍ ചൂരല്‍മല കേന്ദ്രീകരിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.