വയനാട് ദുരന്തം; കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനൊപ്പമെന്ന് ജോര്‍ജ്ജ് കുര്യന്‍

വയനാട് ജില്ലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കേരളത്തിന് എല്ലാ സഹായവും ഉറപ്പുനല്‍കുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും സ്ഥിതി നിരന്തരം നിരീക്ഷിച്ചുവരുന്നതായും കേന്ദ്രമന്ത്രി ജോര്‍ജ്കുര്യന്‍ അറിയിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു.

കേന്ദ്ര ഗവണ്‍മെന്റില്‍ നിന്ന് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ദുരന്ത ഭൂമിയിലേക്ക് ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനത്തിനായി വിവിധ സേനകളുടെ പ്രവര്‍ത്തനം സാധ്യമാക്കിയതായും ജോര്‍ജുകുര്യന്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായി ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വവും ഏകോപനവും നല്‍കുകയാണ്.

ദുരന്തമുണ്ടായി ഉടന്‍തന്നെ എന്‍ഡിആര്‍എഫിന്റെ രണ്ടു ടീമുകള്‍, ഇന്ത്യന്‍ ആര്‍മിയുടെ രണ്ട് സംഘങ്ങള്‍, എയര്‍ഫോഴ്സിന്റെ രണ്ട് ഹെലികോപ്റ്ററുകള്‍ എന്നിവ തിരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചതായി മന്ത്രി അറിയിച്ചു. എന്‍ഡിആര്‍എഫിന്റെ മൂന്ന് അധിക ടീമുകള്‍ രക്ഷാപ്രവര്‍ത്തനത്തിനാവശ്യമുള്ള ഉപകരണങ്ങളുമായി, യാത്രയിലാണ്. തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുമായി ഡോഗ് സ്‌ക്വാഡിനെയും വിന്യസിച്ചിട്ടുണ്ട്.

മൂന്ന് ബെയ്ലി പാലങ്ങളുടെ നിര്‍മ്മാണത്തിനായി മദ്രാസ് എഞ്ചിനീയറിംഗ് ഗ്രൂപ്പിന്റെ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. സൈന്യത്തിന്റെ രണ്ട് സംഘങ്ങള്‍ അവശ്യസാധന സാമഗ്രികളുമായി തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് എത്തിയിട്ടുണ്ട്. ഒരു 110 അടി ബെയ്ലി പാലവും മൂന്ന് സെര്‍ച്ച് ആന്റ് റെസ്‌ക്യൂ ഡോഗുകളും ദല്‍ഹിയില്‍ നിന്ന് കോഴിക്കോട്ടേക്ക് എത്തി. നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിന് എഞ്ചിനീയറിംഗ് ടീമിന്റെ ഹെലികോപ്റ്റര്‍ നിരീക്ഷണം നടത്തും.

കണ്ണൂര്‍ ഡിഎസ്സി സെന്ററില്‍ നിന്നുള്ള രണ്ട് സംഘങ്ങളും ദുരന്ത സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തകരുടെ നീക്കത്തിന് സഹായിക്കുന്നതിന് ഇന്ത്യന്‍ നാവികസേനയുടെ കപ്പല്‍ ഐഎന്‍എസ് സാമൂതിരിയെ വിന്യസിച്ചിട്ടുണ്ട്. ആവശ്യാനുസരണം അധിക വിഭവങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അയയ്ക്കും. സ്ഥിതിഗതികള്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതലത്തില്‍ നിരീക്ഷിച്ചുവരികയാണ്.

ആഭ്യന്തര മന്ത്രാലയത്തിന്റെ രണ്ട് കണ്‍ട്രോള്‍ റൂമുകളും സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും സംസ്ഥാനത്തിന് സാധ്യമായ എല്ലാ സഹായവും നല്‍കുകയും ചെയ്യുന്നു. ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളെ രക്ഷിക്കാനും സഹായിക്കാനും സംസ്ഥാന സര്‍ക്കാരിന് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ജോര്‍ജ് കുര്യന്‍ വ്യക്തമാക്കി.