ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; തുടരെ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍; കൃഷി വകുപ്പില്‍ നിന്ന് 29 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

അനധികൃതമായി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയ സംഭവത്തില്‍ തുടരെ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ കൃഷി വകുപ്പില്‍ നിന്ന് 29 ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. കൃഷി വകുപ്പിന് പുറമേ നേരത്തെ റവന്യു-മൃഗ സംരക്ഷണ വകുപ്പിലും സമാന നടപടിയുണ്ടായി.

ഇരു വകുപ്പുകളിലും അനധികൃതമായി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയ ജീവനക്കാരെ സസ്‌പെന്റ് ചെയ്തിരുന്നു. സയിന്റിഫിക് അസിസ്റ്റന്റ് മുതല്‍ ഫാമിലെ സ്ഥിരം തൊഴിലാളികള്‍ വരെ നടപടി നേരിട്ടവരില്‍ ഉള്‍പ്പെടുന്നു. വകുപ്പ് തല നടപടി കൂടാതെ പണം കൈപ്പറ്റിയവര്‍ 18 ശതമാനം പലിശ ഉള്‍പ്പെടെ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കണം.

നിലവില്‍ സസ്‌പെന്‍ഷന്‍ നടപടി നേരിടുന്നവര്‍ 50,000 രൂപയിലധികം ക്ഷേമ പെന്‍ഷനായി കൈപ്പറ്റിയവരാണ്. ്. 29 പേരും ക്ഷേമ പെന്‍ഷന്‍ ബോധ പൂര്‍വ്വം തട്ടിയെടുത്തുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. ജോലി ലഭിച്ച ശേഷവും വിവരം മറച്ചുവച്ച് ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍.

അനധികൃതമായി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയ സംഭവത്തില്‍ 145 പേര്‍ക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്തത്. 1458 സര്‍ക്കാര്‍ ജീവനക്കാര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങിയിരുന്നതായാണ് ധനവകുപ്പ് റിപ്പോര്‍ട്ട്.