'ഐ ലൗവ് പാകിസ്ഥാന്‍' ബലൂണുകളുടെ പിന്നിലാര്? കൊച്ചിയില്‍ കണ്ടെത്തിയ ബലൂണുകള്‍ എവിടെ നിന്നെത്തി? കടകള്‍ അടപ്പിച്ച് പൊലീസ്

കൊച്ചിയിൽ പിറന്നാളാഘോഷത്തിനായി വാങ്ങിയ ബലൂണിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം കണ്ടെത്തിയ സംഭവത്തിൽ തൃപ്പൂണിത്തുറ പൊലീസ് അന്വേഷണം തുടങ്ങി. എരൂർ ഭാഗത്തെ കടയിൽനിന്ന് വാങ്ങിയ ബലൂണിലാണ് ‘ഐ ലൗവ് പാകിസ്താൻ’ എന്ന എഴുത്തും പതാകയും കണ്ടെത്തിയത്. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ കട അടച്ചു.

മകൻ്റെ പിറന്നാളാഘോഷത്തിനായി എരൂർ സ്വദേശി ഗിരീഷ് കുമാർ എന്നയാൾ തിങ്കളാഴ്‌ച രാത്രിയാണ് കടയിൽ നിന്ന് ബലൂണുകൾ വാങ്ങിയത്. വീട്ടിലെത്തി വീർപ്പിച്ച് നോക്കിയപ്പോഴാണ് വെളുത്ത ബലൂണിൽ എഴുത്ത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഗിരീഷ് കുമാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഗിരീഷ് കുമാറിൻ്റെ പരാതിയിൽ കടയിലുണ്ടായിരുന്ന ബലൂണുകളെല്ലാം പൊലീസ് കസ്റ്റഡിയിലെടുത്തു. കടക്കാരനെതിരെ കേസെടുത്തിട്ടില്ല.

അതേസമയം വെളുത്ത നിറത്തിലുള്ള ബലൂണിലായിരുന്നു പാക് അനുകൂല മുദ്രാവാക്യം ഉണ്ടായിരുന്നതെന്നും ബലൂൺ കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. തൃപ്പൂണിത്തുറ എരൂർ ചേലേക്കവഴിയിൽ അടുത്തിടെ കാസർകോട് സ്വദേശി തുടങ്ങിയ കടയിൽ നിന്ന് വാങ്ങിയ ബലൂണുകളിൽ ഒന്നിലായിരുന്നു ഇത്. ഈ കടയും തൊട്ടടുത്ത് ആലുവ ഉളിയന്നൂർ സ്വദേശി തുടങ്ങിയ കടയും സംഭവത്തെ തുടർന്ന് അടച്ചു. കുന്നംകുളത്ത് നിന്ന് മൊത്തമായി വാങ്ങിയതാണ് ബലൂണുകളെന്ന് വ്യാപാരി മൊഴി നൽകിയിട്ടുണ്ടെന്നും ബലൂൺ പാക്കറ്റിൽ നിർമ്മാതാവിൻ്റെ വിവരങ്ങൾ ഇല്ലെന്നും പൊലീസ് വ്യക്തമാക്കി.

Read more