കോതമംഗലത്ത് കിണറ്റില്‍ കാട്ടാന വീണു; മയക്കുവെടി വെയ്ക്കണമെന്ന് ആവശ്യം

എറണാകുളം കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ കാട്ടാന വീണു. കാട്ടാനയെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം പ്ലാച്ചേരിയില്‍ ഇന്നലെ രാത്രിയോടെയാണ് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ കാട്ടാന വീണത്. മലയാറ്റൂർ ഡിഎഫ്ഒ സ്ഥലത്തെത്തി തുടർ നടപടികൾ ആലോചിക്കുകയാണ്.

സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ ആള്‍മറയില്ലാത്തെ ചെറിയ കുളത്തിന് സമാനമായ കിണറ്റിലാണ് കാട്ടാന വീണത്. ചതുരാകൃതിയിലുള്ള കിണറിന് വലിയ ആഴമില്ലാത്തതിനാല്‍ ആനയെ എത്രയും വേഗം രക്ഷപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആനയ്ക്ക് തനിയെ കയറിപോകാനായില്ലെങ്കില്‍ മണ്ണിടിച്ച് രക്ഷപ്പെടുത്തേണ്ടിവരുമെന്നാണ് അധികൃതര്‍ പറയുന്നത്.

Read more

അതേസമയം, ആനയെ മയക്കുവെടിവെച്ച് കൊണ്ടുപോകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ജനവാസമേഖല ആയതിനാൽ ആനയെ പുറത്ത് എത്തിച്ചാൽ വീണ്ടും പ്രശ്നങ്ങൾ തുടരും എന്നും നാട്ടുകാർ പറഞ്ഞു.