ഡോക്ടര്‍ക്ക് അക്രമിയെ തടയാനുള്ള എക്‌സ്പീരിയന്‍സ് ഇല്ലായിരുന്നു; വന്ദന അത്ര പരിചയമുള്ള ആളല്ലെന്ന് ആരോഗ്യമന്ത്രി; വീണാ ജോര്‍ജിനെ രൂക്ഷമായി വിമര്‍ശിച്ച് ഗണേഷ് കുമാര്‍

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കുത്തേറ്റ് മരിച്ച ഡോ. വന്ദനയ്ക്ക് അക്രമിയെ തടയാനുള്ള എക്‌സ്പീരിയന്‍സ് ഇല്ലായിരുന്നെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്. ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ് നടന്നത്. ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കുന്ന കാര്യമാണ് നടന്നത്. പൊലീസിന്റെ മധ്യത്തിലാണ് ആക്രമണം നടന്നത്.

സാധാരണ മെഡിക്കല്‍ കോളജിലാണ് പൊലീസ് എയ്ഡ് പോസ്റ്റുള്ളത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എയ്ഡ് പോസ്റ്റുണ്ടായിരുന്നു. അവിടെ സിഎംഒയും ആരോഗ്യപ്രവര്‍ത്തകരും ഉണ്ടായിരുന്നു. കൊല്ലപ്പെട്ട യുവതി ഹൗസ് സര്‍ജനാണ്. അത്ര പരിചയമുള്ള ആളല്ല. ആക്രമണം ഉണ്ടായപ്പോള്‍ ഭയന്നു എന്നാണ് അവിടെയുള്ള ഡോക്ടര്‍മാര്‍ പറഞ്ഞത്. നിയമം കൂടുതല്‍ ശക്തമാക്കാന്‍ പ്രവര്‍ത്തനം നടക്കുന്നു. ഓര്‍ഡിനന്‍സ് ഇറക്കാനാണ് ആലോചന. ആശുപത്രികളില്‍ സിസിടിവി ക്യാമറ സ്ഥാപിക്കാനും സുരക്ഷ ശക്തമാക്കാനും തീരുമാനിച്ചിരുന്നു. വനിതാ ഡോക്ടര്‍ക്ക് ഓടാന്‍ കഴിയാതെ വീണുപോയപ്പോഴാണ് ആക്രമിച്ചത്.

എന്നാല്‍ മന്ത്രിയുടെ വിശദീകരണത്തിനെതിരെ പത്തനാപുരം എംഎല്‍എ കെബി ഗണേഷ് കുമാര്‍ രംഗത്തെത്തി. ലഹരിക്കടിമയായ ഒരാള്‍ ആക്രമിച്ചാല്‍ എങ്ങനെ തടയുമെന്ന് ഗണേഷ് കുമാര്‍ ചോദിച്ചു. പ്രതി ഡോക്ടറെ കീഴ്‌പ്പെടുത്തിയതിന് ശേഷം പുറത്തുകയറിയിരുന്ന് നിരവധി തവണ കുത്തിയെന്നും അദ്ദേഹം പറഞ്ഞു.

ഇന്നു പുലര്‍ച്ചെയാണ് കൊട്ടാരക്കരയില്‍ വനിതാ ഡോക്ടറെ കുത്തിക്കൊന്നത്. കൊട്ടാക്കര താലൂക്ക് ആശുപത്രിയിലെ ഹൌസ് സര്‍ജന്‍ വന്ദന ദാസാണ് (23) തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ എത്തിച്ച പ്രതിയാണ് ഡോക്ടറെ കുത്തിക്കൊന്നത്.

Read more

പൂയപ്പള്ളി സ്വദേശി സന്ദീപാണ് വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയത്. വീട്ടില്‍ വെച്ച് അതിക്രമങ്ങള്‍ നടത്തിയ സന്ദീപിനെ പൊലീസും ബന്ധുക്കളും ചേര്‍ന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിലേക്ക് വൈദ്യപരിശോധനക്കെത്തിച്ചത്. ആശുപത്രിയില്‍ വെച്ചും പ്രകോപനമൊന്നുമില്ലാതെ യുവാവ് ആക്രമണം നടത്തുകയായിരുന്നു. സര്‍ജിക്കല്‍ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ പുലര്‍ച്ചെ തിരുവനന്തപുരത്തേക്ക് എത്തിച്ചതെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡോക്ടര്‍ക്ക് അഞ്ചിലേറെ തവണ കുത്തേറ്റു. നെഞ്ചിലേറ്റ കുത്ത് ശ്വാസകോശത്തിലേക്കും കയറി. നട്ടെല്ലിനും കുത്തേറ്റുിരുന്നു.