ഇടതുമുന്നണി ഭരണത്തിന്റെ കീഴില്‍ സ്ത്രീകള്‍ക്ക് രക്ഷയില്ല, സര്‍ക്കാരിനും മന്ത്രിയ്ക്കും ഉത്തരവാദിത്വമുണ്ട്: രമേശ് ചെന്നിത്തല

പ്രഭാതസവാരിക്ക് ഇറങ്ങിയ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. ഇടതുമുന്നണി ഭരണത്തിന്റെ കീഴില്‍ സ്ത്രീകള്‍ക്ക് രക്ഷയില്ലാത്ത അവസ്ഥയാണെന്ന് ചെന്നിത്തല ആരോപിച്ചു. സംഭവത്തില്‍ സര്‍ക്കാരിനും മന്ത്രിക്കും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

‘സംസ്ഥാനത്ത് പൂര്‍ണമായും ക്രമസമാധാന നില തകര്‍ന്നുകൊണ്ടിരിക്കുകയാണ്. അക്രമി ഉപയോഗിച്ചത് സര്‍ക്കാര്‍ വാഹനമാണ്. ഒരു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നോക്കിനില്‍ക്കാനാകില്ല. ഗുരുതര കുറ്റമാണ് നടന്നിട്ടുള്ളത്.

ഭരണത്തിന്റെ സ്വാധീനം തീര്‍ച്ചയായും ഈ വ്യക്തിക്കുണ്ടാകും. അയാള്‍ സത്രീകള്‍ക്കെതിരെ അക്രമം നടത്തുന്നു, ഇവിടുത്തെ ഭരണം എവിടെ നില്‍ക്കുന്നു എന്നുള്ളതിന്റെ സൂചനയാണിത്. ഇതിന്റെ ഉത്തരവാദിത്വം മന്ത്രിക്കും ഭരണകൂടത്തിനും ഉണ്ട് എന്നത് വ്യക്തമാണ്’, ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Read more

മ്യൂസിയത്തിന് സമീപം പ്രഭാതനടത്തത്തിനിടെ യുവതിയെ ആക്രമിച്ചതും കുറവന്‍കോണത്തെ വീട് ആക്രമിച്ചതും ഒരാള്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കേസില്‍ മലയിന്‍കീഴ് സ്വദേശിയായ സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.