യാക്കോബായ സുറിയാനി സഭയ്ക്ക് പുതിയ ഇടയന്‍; ശ്രേഷ്ഠ കാതോലിക്കാ ബാവയായി ജോസഫ് മാര്‍ ഗ്രിഗോറിയോസ് അഭിഷിക്തനായി

യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബാവയായി മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസിനെ സഭയുടെ പരമാധ്യക്ഷന്‍ മോര്‍ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ വാഴിച്ചു.

അന്ത്യോഖ്യ സഭാ പാരമ്ബര്യത്തിന്റെ പിന്തുടര്‍ച്ചയില്‍ യാക്കോബായസഭയുടെ ഉന്നതസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട അദ്ദേഹം ഇനി ‘കാതോലിക്ക മോര്‍ ബസേലിയസ് ജോസഫ്’ എന്ന നാമധേയത്തില്‍ അറിയപ്പെടും. ലബനാന്‍ തലസ്ഥാനമായ ബൈറൂത്തില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ അച്ചാനെയിലെ പാത്രിയാര്‍ക്കാ അരമനയോട് ചേര്‍ന്ന സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കാ കത്തീഡ്രലിലാണ് ചടങ്ങുകള്‍ നടന്നത്.

ലബനാന്‍ സമയം വൈകീട്ട് അഞ്ചിന് ആരംഭിച്ച (ഇന്ത്യന്‍ സമയം രാത്രി 8.30) സ്ഥാനാരോഹണ ശുശ്രൂഷകള്‍ക്ക് മോര്‍ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ മുഖ്യ കാര്‍മികത്വം വഹിച്ചു. സഭയിലെ മെത്രാപ്പോലീത്തമാരും പുരോഹിതന്മാരും പള്ളി പ്രതിനിധികളും സന്നിഹിതരായിരുന്ന ശുശ്രൂഷകള്‍ രണ്ട് മണിക്കൂര്‍ നീണ്ടുനിന്നു.

സിറിയയിലെ സംഘര്‍ഷഭരിതമായ സാഹചര്യം കണക്കിലെടുത്താണ് ചടങ്ങ് ലബനനിലെ ബയ്‌റുത്ത് അറ്റ്ചാനെ സെയ്ന്റ് മേരീസ് കത്തീഡ്രലിലേക്ക് മാറ്റിയത്. സിറിയയിലെ ദമാസ്‌കസ് ആണ് അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്റെ ആസ്ഥാനം. ഔദ്യോഗിക സംഘത്തെ അയച്ചതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാത്രിയര്‍ക്കീസ് ബാവ ആമുഖ പ്രസംഗത്തില്‍ പ്രത്യേകം നന്ദി അറിയിച്ചു.

ഇന്ത്യയുടെ മറ്റുമതങ്ങളോടുള്ള സഹിഷ്ണുതയേയും സ്‌നേഹത്തേയും ബാവ പ്രത്യേകം പരാമര്‍ശിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയനും ബാവ പ്രത്യേകം നന്ദി അറിയിച്ചു. മുഖ്യമന്ത്രിയുമായി പലവട്ടം കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും സഭയോട് കാണിക്കുന്ന സ്‌നേഹത്തിനും സര്‍ക്കാര്‍ പ്രതിനിധി സംഘത്തെ അയച്ചതിലും നന്ദി അറിയിക്കുന്നതായും ബാവ പറഞ്ഞു.