ആശ സമര നേതാവ് മിനിക്കെതിരായ സിഐടിയു നേതാവ് പിബി ഹർഷകുമാറിന്റെ കീടം പരാമർശം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിമർശിക്കാൻ മോശം പദപ്രയോഗം നടത്തേണ്ടതില്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. സമരം നടത്തുന്ന നേതൃത്വത്തോട് വിയോജിപ്പുണ്ടെന്നും അതിൽ അരാജകവാദികളുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു. അതേസമയം ആശ വർക്കർമാരോട് പാർട്ടിക്ക് ശത്രുത ഇല്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
നേരത്തെ നടത്തിയ പരാമർശത്തിന് പിന്നാലെ ആശ വർക്കർമാരുടെ സമര നേതാവ് എസ് മിനിയെ വീണ്ടും അധിക്ഷേപിച്ച് സിഐടിയു സംസ്ഥാന വൈസ് പ്രസിഡൻ്റ് പിബി ഹർഷകുമാർ രംഗത്തെത്തിയിരുന്നു. മിനിക്കെതിരായ കീടം പരാമർശം ബോധപൂർവം പറഞ്ഞതാണെന്ന് പിബി ഹർഷകുമാർ പറഞ്ഞു. നികൃഷ്ടജീവി പരാമർശത്തിന് അർഹതപ്പെട്ട ആളാണ് മിനിയെന്നും മിനി നാക്കിന് എല്ലില്ലാത്ത എന്തും വിളിച്ചുപറയുന്ന ആളെന്നും പിബി ഹർഷകുമാർ പറഞ്ഞു.
‘മിനി സാംക്രമിക രോഗം പടർത്തുന്ന കീടം’ എന്നായിരുന്നു പിബി ഹർഷകുമാർ ഉന്നയിച്ച അധിക്ഷേപ പരാമർശം. സമരത്തിന്റെ ചെലവിൽ കുറേ ദിവസമായി തിരുവനന്തപുരത്ത് കഴിഞ്ഞു കൂടുകയാണെന്നും പിബി ഹർഷകുമാർ പരിഹസിച്ചിരുന്നു. ബസ് സ്റ്റാൻഡുകളിൽ പാട്ടകുലുക്കി പിരിവ് നടത്തുന്ന പാർട്ടിയാണ് സമരത്തിന് പിന്നിലെന്നും അതിന്റെ നേതാവാണ് മിനി എന്നും പിബി ഹർഷകുമാർ പറഞ്ഞിരുന്നു.
അധിക്ഷേപ പരാമർശത്തിന് പിന്നാലെ പ്രതികരണവുമായി മിനി രംഗത്തെത്തിയിട്ടിരുന്നു. സിഐടിയുക്കാർ 51 വെട്ട് വെട്ടാഞ്ഞത് ഭാഗ്യമെന്ന് മിനി പറഞ്ഞു. തന്നെ നികൃഷ്ട ജീവിയെന്നു വിളിച്ചില്ലല്ലോ എന്നും മിനി പറഞ്ഞു. തന്നെ നികൃഷ്ട ജീവിയെന്നു വിളിച്ചില്ലല്ലോ എന്നതിൽ ആശ്വാസമെന്നും ആശവർക്കർമാരുടെ സമരത്തോടെ സിഐടിയുവിൻ്റെ ആണിക്കല്ല് ഇളകിയെന്നും ആക്ഷേപങ്ങൾക്ക് പൊതുജനം മറുപടി നൽകുമെന്നും മിനി പറഞ്ഞിരുന്നു.