മാധ്യമങ്ങള്‍ക്ക് വേണ്ടത് തന്റെ ചോരയാണെന്നും അത് അത്ര വേഗം കിട്ടുമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മകള്‍ വീണാ വിജയനെതിരായ മാസപ്പടിക്കേസില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. മകള്‍ തെറ്റു ചെയ്തിട്ടില്ലെന്നും കേസിന്റെ ലക്ഷ്യം താനാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
കേസിന്റെ ലക്ഷ്യം താനാണെന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞതാണ്. മകളുടെ പേരു മാത്രമായി പരാമര്‍ശിക്കാതെ എന്റെ മകള്‍ എന്ന് അന്വേഷണ ഏജന്‍സികള്‍ കൃത്യമായി എഴുതിവച്ചത് എന്തുകൊണ്ടാണെന്നും മുഖ്യമന്ത്രി ചോദിച്ചു. സേവനത്തിന് നല്‍കിയ പണമെന്ന് മകളും സിഎംആര്‍എല്‍ കമ്പനിയും പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സിഎംആര്‍എല്‍ നല്‍കിയ പണത്തിന്റെ ജിഎസ്ടിയും ആദായ നികുതിയും അടച്ചതിന്റെ രേഖകളുണ്ട്. ഈ കാര്യങ്ങളെല്ലാം തിരിച്ചറിഞ്ഞതു കൊണ്ടാണ് പാര്‍ട്ടി നേതൃത്വം ഈ നിലയില്‍ പ്രതികരിക്കുന്നത്. ബിനീഷിനെതിരെ കേസ് വന്നപ്പോള്‍ അതില്‍ കോടിയേരിക്കെതിരെ ആരോപണം ഉണ്ടായിരുന്നില്ല. ഇവിടെ തന്നെയാണ് ലക്ഷ്യമിടുന്നതെന്നും പിണറായി പറഞ്ഞു.
Read more
ഈ കേസ് എവിടെ വരെ പോകുമെന്ന് നോക്കാം. മാധ്യമങ്ങളൊന്നും മകളുടെ കമ്പനി ആദായ നികുതി അടച്ചതിന്റെയും ജിഎസ്ടി അടച്ചതിന്റെയും കണക്കുകള്‍ പറയുന്നില്ല. മാധ്യമങ്ങള്‍ക്ക് വേണ്ടത് തന്റെ ചോരയാണ്. അത് അത്ര വേഗം കിട്ടുമെന്ന് നിങ്ങളാരും കരുതേണ്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.