നാല് കുട്ടികള്‍ക്ക് ജന്മം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം പാരിതോഷികം; പ്രഖ്യാപനവുമായി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനം

നാല് കുട്ടികള്‍ക്ക് ജന്മം നല്‍കുന്ന ദമ്പതികള്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് മദ്ധ്യപ്രദേശ് സര്‍ക്കാര്‍. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമായ പരശുറാം കല്യാണ്‍ ബോര്‍ഡ് ആണ് പ്രഖ്യാപനം നടത്തിയത്. ബോര്‍ഡ് ചെയര്‍മാനായ പണ്ഡിറ്റ് വിഷ്ണു രജോറിയയുടേതാണ് പ്രഖ്യാപനം.

നാല് കുട്ടികള്‍ക്ക് ജന്മം നല്‍കുന്ന ബ്രാഹ്‌മണ ദമ്പതികള്‍ക്കാണ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളത്. കാബിനറ്റ് റാങ്കുളളയാളാണ് വിഷ്ണു രജോറിയ. മതനിന്ദ നടത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണെന്നും ഇന്‍ഡോറില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെ വിഷ്ണു രജോറിയ പറഞ്ഞു.

കുടുംബത്തെ കുറിച്ചുള്ള ശ്രദ്ധ കുറഞ്ഞതു തന്നെയാണ് അതിന് പ്രധാന കാരണം. എന്നാല്‍ പുതു തലമുറയില്‍ തനിക്ക് വളരെ വലിയ വിശ്വാസമുണ്ട്. പഴയ തലമുറയില്‍ നിന്ന് അധികമൊന്നും ഇനി പ്രതീക്ഷിക്കാന്‍ കഴിയില്ല. എന്നാല്‍ വരും തലമുറയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഇപ്പോഴത്തെ തലമുറയ്ക്കുണ്ടെന്നും വിഷ്ണു രജോറിയ കൂട്ടിച്ചേര്‍ത്തു.

ഒരു കുടുംബത്തില്‍ നാല് കുട്ടികള്‍ എങ്കിലും വേണമെന്നാണ് തനിക്ക് പറയാനുള്ളത്. അത്തരത്തില്‍ തീരുമാനമെടുക്കുന്നവര്‍ക്ക് തന്റെ അദ്ധ്യക്ഷതയിലുള്ള ബോര്‍ഡ് ഒരു ലക്ഷം രൂപ വീതം സമ്മാനമായി നല്‍കുമെന്നും വിഷ്ണു രജോറിയ പറഞ്ഞു.