അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിന് ഒബിസിക്ക് 27 ശതമാനം സംവരണം, 10 ശതമാനം സാമ്പത്തിക സംവരണം

ബിരുദ, ബിരുദാനന്തര മെഡിക്കൽ കോഴ്‌സുകൾക്കായുള്ള അഖിലേന്ത്യാ ക്വാട്ട പദ്ധതിയിൽ ഒ.ബി.സി വിഭാഗത്തിന് 27 ശതമാനം സംവരണവും, സാമ്പത്തികമായി ദുർബല വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണവും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. പുതിയ സംവരണ വ്യവസ്ഥ ഈ വർഷത്തെ പ്രവേശനത്തിലും നടപ്പാക്കുമെന്ന് സർക്കാർ അറിയിച്ചു.

ഡെന്റൽ ഉൾപ്പെടെ എല്ലാ ബിരുദ, ബിരുദാനന്തര മെഡിക്കൽ കോഴ്സുകളിലും ഒബിസി വിഭാഗത്തിനും സാമ്പത്തികമായി ദുർബലരായവർക്കും 2021-22 മുതൽ സംവരണം ഉണ്ടായിരിക്കും. എല്ലാ വർഷവും MBBS- ൽ ഏകദേശം 1500 ഒബിസി വിദ്യാർത്ഥികൾക്കും ബിരുദാനന്തര ബിരുദത്തിന് 2500 ഒബിസി വിദ്യാർത്ഥികൾക്കും ഈ സംവരണം പ്രയോജനപ്പെടും. ഇതിന് പുറമേ MBBS- ൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 550 വിദ്യാർത്ഥികൾക്കും ബിരുദാനന്തര ബിരുദത്തിൽ 1000-ഓളം പേർക്കും അവസരം ലഭിക്കും.

“ഇത് പ്രതിവർഷം ആയിരക്കണക്കിന് യുവാക്കൾക്ക് മികച്ച അവസരങ്ങൾ നേടുന്നതിനും നമ്മുടെ രാജ്യത്ത് സാമൂഹ്യനീതിയുടെ ഒരു പുതിയ മാതൃക സൃഷ്ടിക്കുന്നതിനും വളരെയധികം സഹായിക്കും,” തീരുമാനത്തെ ഒരു നാഴികക്കല്ലായി പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.

“പിന്നോക്ക വിഭാഗത്തിനും ഇഡബ്ല്യുഎസ് വിഭാഗത്തിനും ഉചിതമായ സംവരണം നൽകാൻ നിലവിലെ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. എഐക്യു പദ്ധതിയിൽ ഒബിസികൾക്ക് 27% സംവരണവും ഇഡബ്ല്യുഎസിന് 10% സംവരണവും നൽകാനുള്ള ചരിത്രപരമായ തീരുമാനമാണ് കേന്ദ്ര സർക്കാർ ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നത്. ഏത് സംസ്ഥാനത്തെയും സീറ്റുകൾക്കായി മത്സരിക്കുന്നതിന് രാജ്യത്തുടനീളമുള്ള ഒബിസി വിദ്യാർത്ഥികൾക്ക് എഐക്യു സ്കീമിലെ ഈ സംവരണത്തിന്റെ പ്രയോജനം നേടാൻ കഴിയും. ഒരു കേന്ദ്ര പദ്ധതി ആയതിനാൽ, ഒബിസികളുടെ കേന്ദ്ര പട്ടിക ഈ സംവരണത്തിനായി ഉപയോഗിക്കും,” സർക്കാർ പറഞ്ഞു.

സുപ്രീം കോടതിയുടെ നിർദേശപ്രകാരം 1986 ൽ ഓൾ ഇന്ത്യ ക്വാട്ട പദ്ധതി നിലവിൽ വന്നു. മറ്റൊരു സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് മറ്റ് സംസ്ഥാനങ്ങളിലും സംവരണ ആനുകൂല്യങ്ങൾ നേടാൻ പ്രാപ്തമാക്കുകയായിരുന്നു ലക്ഷ്യം. 2008 വരെ അഖിലേന്ത്യാ ക്വാട്ട പദ്ധതിയിൽ സംവരണം ഉണ്ടായിരുന്നില്ല. അഖിലേന്ത്യാ പദ്ധതിയിൽ സുപ്രീംകോടതി 15 ശതമാനം പട്ടികജാതി വിഭാഗത്തിനും 7.5 ശതമാനം എസ്ടികൾക്കും സംവരണം ഏർപ്പെടുത്തി.

എഐക്യുലെ ഒ.ബി.സി സംവരണം പ്രകാരം ഒ.ബി.സി വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് മറ്റേതെങ്കിലും സംസ്ഥാനത്തെ ഏതെങ്കിലും സർക്കാർ മെഡിക്കൽ അല്ലെങ്കിൽ ഡെന്റൽ കോളേജിലേക്ക് അപേക്ഷിക്കാം. മെഡിക്കൽ പ്രവേശനത്തിനായി ഒബിസി വിഭാഗത്തിന് അഖിലേന്ത്യാ ക്വാട്ട ഇല്ലാതിരുന്നത് വളരെക്കാലമായി നിലനിന്നിരുന്ന പ്രശ്നമായിരുന്നു. അഖിലേന്ത്യാ ക്വാട്ടയിൽ സംസ്ഥാന സർക്കാർ മെഡിക്കൽ കോളേജുകളിൽ ബിരുദ സീറ്റുകളിൽ 15 ശതമാനവും ബിരുദാനന്തര സീറ്റുകളിൽ 50 ശതമാനവും സംവരണം ഉണ്ട്. അഖിലേന്ത്യാ ക്വാട്ടയിൽ പട്ടികജാതി പട്ടികവിഭാഗക്കാർക്ക് സംവരണം ഉണ്ട്. എന്നാൽ മറ്റൊരു സംസ്ഥാനത്തേക്ക് കുടിയേറുകയാണെങ്കിൽ ഒബിസി വിദ്യാർത്ഥികൾക്ക് ഒരു സംവരണവും നേടാനായിരുന്നില്ല.

Read more

സാമ്പത്തികമായി ദുർബല വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണം നൽകുന്നതിനായി 2019 ൽ ഭരണഘടനാ ഭേദഗതി വരുത്തി. ഇതനുസരിച്ച്, സംവരണം ഇല്ലാത്ത വിഭാഗങ്ങളെ ബാധിക്കാതിരിക്കാൻ മെഡിക്കൽ, ഡെന്റൽ കോളേജുകളിലെ സീറ്റുകൾ വർദ്ധിപ്പിച്ചു. എന്നാൽ അഖിലേന്ത്യാ ക്വാട്ട പദ്ധതിയിൽ ഈ വിഭാഗം ഉൾപ്പെടുത്തിയിട്ടില്ല.