ജയിലില്‍ കിടന്നത് നല്ല കാര്യത്തിന്; കുടുക്കിയത് കള്ളക്കേസില്‍; പുറത്തിറങ്ങി സിദ്ദിഖ് കാപ്പന്‍; കേരളത്തിലേക്ക് എത്താനാവില്ല

ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി. വളരെ സന്തോഷകരമായ നിമിഷമാണിതെന്ന് അദേഹം ജയിലിന് പുറത്തിറങ്ങിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

28 മാസം കൊണ്ടെങ്കിലും ജയില്‍ മോചിതനാകാന്‍ സാധിച്ചത് പത്രപ്രവര്‍ത്തക യൂണിയന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരടക്കമുള്ള പൊതുസമൂഹം, വിവിധ സാമൂഹ്യപ്രവര്‍ത്തകരടക്കം സഹായിച്ചതുകൊണ്ടാണെന്ന് അദേഹം വ്യക്തമാക്കി. നല്ല കാര്യത്തിന് വേണ്ടിയാണ് ജയിലില്‍ കിടന്നത്. ഒരു ദലിത് പെണ്‍കുട്ടിയുടെ നീതിക്ക് വേണ്ടിയും അത് പുറംലോകത്തെ അറിയിക്കാന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോകവെയാണ് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനാകുന്നത് കാണാന്‍ ഭാര്യ റൈഹാനത്തും മകനും ലഖ്‌നോവില്‍ എത്തിയിരുന്നു. സുപ്രീംകോടതി ജാമ്യവ്യവസ്ഥപ്രകാരം ജയില്‍മോചിതനായി ആറ് ആഴ്ച ഡല്‍ഹിയില്‍ തങ്ങിയതിന് ശേഷം മാത്രമേ സിദ്ദീഖിന് കേരളത്തിലേക്ക് പോകാന്‍ സാധിക്കൂ. അതിനാല്‍ തന്നെ ഉടന്‍ കാപ്പന് കേരളത്തിലേക്ക് എത്താനാകില്ല.

രണ്ടു വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷമാണ് സിദ്ദീഖ് കാപ്പന്‍ പുറത്തിറങ്ങുന്നത്. ജാമ്യനടപടി പൂര്‍ത്തിയാക്കി മോചന ഉത്തരവ് വിചാരണ കോടതി ഇന്നലെ വൈകീട്ട് ലഖ്‌നോ ജയിലിലേക്കയച്ചിരുന്നെങ്കിലും ഓര്‍ഡര്‍ ജയിലില്‍ ലഭിക്കാന്‍ സമയം വൈകിയതോടെ പുറത്തിറങ്ങാന്‍ ഇന്നലെ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഇന്ന് രാവിലെ അദ്ദേഹം ജയിലില്‍നിന്ന് പുറത്തിറങ്ങുകയായിരുന്നു.