ഡല്‍ഹിയിലെ വായുമലിനീകരണത്തിന് പ്രധാന കാരണം പാകിസ്ഥാന് ആണെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പാകിസ്ഥാനില്‍ നിന്ന് മലിനമായ വായു കൂടുതലായി എത്തുന്നതാണ് ഡല്‍ഹിയിലെ വായു മലിനീകരണത്തിന് കാരണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. വായു മലിനീകരണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയായിരുന്നു ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വാദം. ഹര്‍ജി ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
മലിനീകരണത്തിന് പിന്നില്‍ ഉത്തര്‍പ്രദേശില്‍ നിന്നുളള വ്യവസായിക സ്ഥാപനങ്ങളെല്ലെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് രഞ്ജിത് കുമാര്‍ പറഞ്ഞു. വ്യവസായശാലകള്‍ അടച്ചുപൂട്ടുന്നത് സംസ്ഥാനത്തെ കരിമ്പ്, പാല് വ്യവസായങ്ങളെ ബാധിക്കും. ഉത്തര്‍പ്രദേശിലെ കാറ്റ് ഡല്‍ഹിയിലേക്കല്ല, താഴോട്ടാണ് വീശുന്നതെന്നും അദ്ദേഹം സുപ്രീം കോടതിയെ അറിയിച്ചു.
ഉത്തര്‍പ്രദേശിന്റെ വാദത്തെ സിജെഐ എന്‍.വി രമണ പരിഹസിച്ചു. മലിനമായ വായു പാകിസ്ഥാനില്‍ നിന്ന് വരുന്നതിനാല്‍ പാകിസ്ഥാനിലെ വ്യവസായങ്ങള്‍ നിരോധിക്കണോ എന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
ഡല്‍ഹി നഗരത്തില്‍ മലിനീകരണ തോത് ഉയര്‍ത്തുന്ന ഫാക്ടറികളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തടയാന്‍ ഫ്ളയിങ് സ്ക്വാഡുകളെ നിയോഗിക്കണമെന്നും ഈ സ്ഥാപനങ്ങള്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മുതിര്‍ന്ന അഭിഭാഷകന് വികാസ് സിംഗ് ആവശ്യപ്പെട്ടു. മലിനീകരണം വര്‍ധിച്ചു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കെട്ടിട നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ ഡല്‍ഹി സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ നിർമ്മാണം നിര്‍ത്തിവെക്കുന്നത് വിപരീതഫലം ചെയ്യുമെന്നാണ് സര്‍ക്കാരിന്റെ വാദം. ആശുപത്രി അടക്കമുള്ള ഹെല്‍ത്ത് കെയര്‍ സെന്ററുകളുടെ നിര്‍മ്മാണം നിര്‍ത്തിവെക്കേണ്ടി വരുമെന്നും ഇത് ആരോഗ്യമേഖലയെ ബാധിക്കുമെന്നും ഡല്‍ഹി സര്‍ക്കാര്‍ കോടതിയോട് പറഞ്ഞു.
Read more
വിഷയത്തില്‍ ഡല്‍ഹി സര്‍ക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇരുപത്തിനാല് മണിക്കൂറിനുളളില്‍ മലിനീകരണം പരിഹരിക്കാനുളള നിര്‍ദേശവുമായി എത്തിയില്ലെങ്കില്‍ വിഷയത്തില്‍ ഇടപെടുമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.