കോവാക്‌സിന്‍ കോവിഡിന് എതിരെ 77.8 ശതമാനം ഫലപ്രദം: പഠന റിപ്പോർട്ട്

ഭാരത് ബയോടെക്കും ഐസിഎംആറും സംയുക്തമായി വികസിപ്പിച്ച കോവാക്‌സിന്‍ കോവിഡിനെതിരെ 77.8% ഫലപ്രദമെന്ന് മെഡിക്കല്‍ ജേര്‍ണലായ ദ ലാന്‍സെറ്റ് -ൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നു.

‘നിര്‍ജ്ജീവ-വൈറസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കോവാക്‌സിന്‍, രണ്ട് ഡോസുകള്‍ നല്‍കി രണ്ടാഴ്ചയ്ക്ക് ശേഷം ഒരു ശക്തമായ ആന്റിബോഡി പ്രതികരണം ഉണ്ടാക്കുന്നു’, ദി ലാന്‍സെറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യയില്‍ 2020 നവംബറിനും 2021 മെയ് മാസത്തിനും ഇടയില്‍ 18 ഉം -97 ഉം വയസ്സിനിടയില്‍ പ്രായമുള്ള 24,419 പേരില്‍ നടത്തിയ ട്രയലില്‍ വാക്സിനുമായി ബന്ധപ്പെട്ട മരണങ്ങളോ മറ്റു പ്രതികൂല സംഭവങ്ങളോ രേഖപ്പെടുത്തിയിട്ടില്ലെന്ന് മെഡിക്കല്‍ ജേണല്‍ പറഞ്ഞു.

ഭാരത് ബയോടെക്കിന്റെയും, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെയും, ഇരു സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെയും സഹായത്തോടെ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്ന കാര്യങ്ങള്‍, കമ്പനി നടത്തിയ മുന്‍കാല ഫലപ്രാപ്തി, സുരക്ഷാ പ്രഖ്യാപനങ്ങള്‍ക്ക് അനുസൃതമാണ്. അതിനാല്‍ ഇന്ത്യയില്‍ ജനുവരിയില്‍ വാക്‌സിന്‍ ഷോട്ടിന് നേരത്തെ അംഗീകാരം നല്‍കിയത് സംബന്ധിച്ച വിവാദം അവസാനിപ്പിക്കാന്‍ ഇത് സഹായകമായേക്കാം.

അതേസമയം, വാക്‌സിന്റെ അവസാനഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകാത്തത് കുത്തിവെയ്പ്പിന്റെ ആദ്യ ആഴ്ചകളില്‍ ആളുകളെ കുത്തിവെയ്പ്പ് എടുക്കുന്നതിൽ നിന്നും വിട്ടു നില്ക്കാൻ പ്രേരിപ്പിച്ചിരുന്നു. അതിനുശേഷം ഇന്ത്യയിലുടനീളം 100 ദശലക്ഷത്തിലധികം കോവാക്‌സിന്‍ ഡോസുകള്‍ വിന്യസിച്ചു. ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗ അംഗീകാരമുള്ള കോവിഡ് വാക്‌സിനുകളുടെ പട്ടികയില്‍ കഴിഞ്ഞയാഴ്ച കോവാക്‌സിനെയും ഉള്‍പ്പെടുത്തി.

എന്നാല്‍ വാക്‌സിനെ കുറിച്ച് പഠിക്കുന്ന ഡബ്ല്യുഎച്ച്ഒയുടെ സ്വതന്ത്ര സാങ്കേതിക സ്ഥാപനം അതിന്റെ വിശകലനത്തിനിടയില്‍, കമ്പനിയോട് കൂടുതല്‍ വിവരങ്ങള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ട് പ്രീ-ക്വാളിഫൈഡ് ലിസ്റ്റില്‍ ചേര്‍ക്കാന്‍ വൈകിപ്പിക്കുന്നത് നരേന്ദ്ര മോദി സര്‍ക്കാരിനും നിരാശയുണ്ടാക്കി.

കോവാക്സിനെതിരായി ഉയര്‍ന്ന വിമര്‍ശനങ്ങള്‍ വാക്‌സിന്റെ പ്രതിച്ഛായ കെടുത്തിയെന്നും, ഇത് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കാന്‍ വൈകുന്നതിന് കാരണമായെന്നും ഭാരത് ബയോടെക്കിന്റെ ചെയര്‍മാന്‍ കൃഷ്ണ എല്ല ഈ ആഴ്ച നടന്ന ഒരു സമ്മേളനത്തില്‍ പറഞ്ഞു.

Read more

വാക്‌സിന്റെ ദീര്‍ഘകാല സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ചും, ഗുരുതരമായ രോഗങ്ങള്‍, ആശുപത്രിവാസം, മരണം എന്നിവയില്‍ നിന്നുള്ള സംരക്ഷണം ഡെല്‍റ്റയില്‍ നിന്നും മറ്റ് വകഭേദങ്ങളിന്‍ നിന്നുള്ള സംരക്ഷണം എന്നിവ സംബന്ധിച്ചും കൂടുതല്‍ ഗവേഷണം ആവശ്യമായി വരുമെന്ന് ദ ലാന്‍സെറ്റ് വ്യക്തമാക്കി