ഒമ്പത് ലക്ഷത്തിന്റെ പൂച്ച, 52 ലക്ഷത്തിന്റെ കുതിര; ജാക്വലിന് സുകേഷ് നൽകിയത് പത്ത് കോടി രൂപയുടെ സമ്മാനങ്ങൾ

200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിനെ സാക്ഷിയാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം തുടരുകയാണ്. കള്ളപ്പണം വെളുപ്പിക്കൽ കേസിലെ മുഖ്യപ്രതിയായ സുകേഷ് ചന്ദ്രശേഖർ നടിക്ക് 10 കോടി രൂപയുടെ സമ്മാനങ്ങൾ നൽകിയതായി ഇഡി കുറ്റപത്രത്തിൽ പറയുന്നു. വിലകൂടിയ സമ്മാനങ്ങളിൽ 52 ലക്ഷം രൂപ വിലയുള്ള കുതിരയും 9 ലക്ഷം രൂപയുടെ പേർഷ്യൻ പൂച്ചയും ഉൾപ്പെടുന്നു.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി കോടതിയിൽ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചുവെന്നാണ് റിപ്പോർട്ട്. ജാക്വിലിനൊപ്പം, കേസിൽ ചോദ്യം ചെയ്യപ്പെട്ട നടി നോറ ഫത്തേഹിയെയും കുറ്റപത്രത്തിൽ പരാമർശിക്കുന്നു.

അതേസമയം, നോറയ്ക്ക് താൻ ഒരു കാർ സമ്മാനമായി നൽകിയെന്ന് ചന്ദ്രശേഖർ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ബിഎംഡബ്ല്യു കാറും ഐഫോണു ഉൾപ്പെടെ ആകെ ഒരു കോടി രൂപ വിലമതിക്കുന്ന സമ്മാനമാണ് നോറയ്ക്ക് ലഭിച്ചത് എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

ജാക്വലിനും തന്റെ കക്ഷിയും അടുപ്പത്തിലാണെന്ന് ചന്ദ്രശേഖറിന്റെ അഭിഭാഷകനും അവകാശപ്പെട്ടിരുന്നു. ഈ ആരോപണങ്ങൾക്കിടയിൽ, കഴിഞ്ഞ ആഴ്ച സുകേഷും ജാക്വലിനും ഒരുമിച്ചുള്ള ചിത്രങ്ങളും വൈറലായിരുന്നു. ഈ വർഷം ജനുവരിയിൽ ചന്ദ്രശേഖറും ജാക്വലിനും സംസാരിച്ചു തുടങ്ങിയെന്നും പിന്നീട് വിലകൂടിയ സമ്മാനങ്ങൾ അയച്ചുകൊടുക്കാൻ തുടങ്ങിയെന്നും കുറ്റപത്രത്തിൽ പറയുന്നു.

ആഭരണങ്ങൾ, പാത്രങ്ങൾ, നാല് പേർഷ്യൻ പൂച്ചകൾ (ഇവയിലൊന്നിന് 9 ലക്ഷം രൂപയാണ് വില) 52 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കുതിര എന്നിവയുൾപ്പെടെ ജാക്വലിൻ അയച്ച സമ്മാനങ്ങൾ കുറ്റപത്രത്തിൽ പരാമർശിച്ചിട്ടുണ്ട്.

സുകേശ് തിഹാർ ജയിലിൽ കഴിയുമ്പോൾ ജാക്വിലിൻ സുകേഷുമായി ഫോണിൽ സംസാരിക്കുമായിരുന്നുവെന്നാണ് റിപ്പോർട്ട്. ജാമ്യം ലഭിച്ചതിന് ശേഷം ജാക്വിലിനെ ഒരു സ്വകാര്യ വിമാനത്തിൽ ചെന്നൈയിലേക്ക് പറത്തി, ഇരുവരും നഗരത്തിലെ ഒരു ഹോട്ടലിൽ താമസിച്ചു. കുറ്റപത്രം പ്രകാരം ജാമ്യത്തിന് ശേഷം വിമാനയാത്ര ഇനത്തിൽ എട്ട് കോടി രൂപ സുകേഷ് ചിലവഴിച്ചു. ജാക്വിലിന്റെ ബന്ധുക്കൾക്കും ചന്ദ്രശേഖർ വൻ തുക അയച്ചതായി റിപ്പോർട്ടുണ്ട്.

Read more

സുകേഷ് ചന്ദ്രശേഖറും മറ്റ് 13 പേരും ചേർന്ന് റാൻബാക്‌സിയുടെ മുൻ പ്രൊമോട്ടറുടെ ഭാര്യയെ 200 കോടി രൂപ വഞ്ചിച്ചതായി ഡൽഹി പോലീസ് കുറ്റപത്രത്തിൽ ആരോപിച്ചു. ഭർത്താവിനെ ജയിൽ മോചിതനാക്കാമെന്ന് പറഞ്ഞ് ചന്ദ്രശേഖർ പരാതിക്കാരിയിൽനിന്ന് 200 കോടി തട്ടിയെടുത്തതായി ഉദ്യോഗസ്ഥർ കരുതുന്നു.