അതിര്‍ത്തിയില്‍ ഉടന്‍ പൂര്‍ണമായ സൈനിക പിന്മാറ്റം വേണം; ചൈനയോട് ഇന്ത്യ

അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ പൂര്‍ണമായ സൈനിക പിന്മാറ്റം ഉടനെ വേണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ. ലഡാക്കിലെ പ്രദേശങ്ങലില്‍ നിന്ന് എത്രയും നേരത്തെ പിന്‍വലിക്കണം. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഇന്ത്യ നിലപാട് വയക്തമാക്കിയത്.

അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസവും, നയതന്ത്ര ബന്ധവും വളര്‍ത്തിയെടുക്കാന്‍ സഹായകമാകുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ വാങ് യിയോട് പറഞ്ഞു. നിലവിലെ സ്ഥിതി തുടരുന്നത് ഇരു രാജ്യങ്ങളുടേയും താല്‍പര്യങ്ങല്‍ക്ക് യോജിച്ചതല്ലെന്ന് കൂടിക്കാഴ്ചയില്‍ ഇരുവരും സമ്മതിച്ചു. നയതന്ത്ര, സൈനിക തലങ്ങളില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ചര്‍ച്ച ചെയ്തു.

വിദേശകാര്യമന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ചകള്‍ നടത്തി. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനുള്ള ചൈനയുടെ നീക്കത്തിന്റെ ഭാഗമായാണ് വാങ് യിയുടെ സന്ദര്‍ശനം. രണ്ട് വര്‍ഷം മുമ്പ് ലഡാക്കില്‍ അതിര്‍ത്തി തര്‍ക്കങ്ങള്‍ രൂക്ഷമായതിന് പിന്നാലെ ഇന്ത്യ ചൈന ബന്ധം കടുത്ത പ്രതിസന്ധിയിലായിരുന്നു. അതിന് ശേഷം നടത്തുന്ന ആദ്യത്തെ ഉന്നതതല സന്ദര്‍ശനമാണിത്.
അതേസമയം കൂടിക്കാഴ്ചയെക്കുറിച്ച് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.

ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ക്കുള്ള പ്രത്യേക പ്രതിനിധികളായിരുന്നു വാങ്ങും ഡോവലും. കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷം കുറയ്ക്കുന്നത് സംബന്ധിച്ച് മുമ്പും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. സൈനിക, നയതന്ത്ര തലങ്ങളിലെ ചര്‍ച്ചകളെത്തുടര്‍ന്ന് അതിര്‍ത്തിയില്‍ നിന്ന് ഇരുപക്ഷവും ചില മേഖലകളില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചിരുന്നു.

Read more

2020 മെയ് 5 നാണ് പാംഗോങില്‍ ഇന്ത്യ ചൈന ഏറ്റുമുട്ടല്‍ ഉണ്ടായത്. 2020 ജൂണ്‍ 15-ന് നടന്ന ഗാല്‍വാന്‍ താഴ്വരയിലെ ഏറ്റുമുട്ടലിന് പിന്നാലെയാണ് ഗാല്‍വാനില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായത്. ഏറ്റുമുട്ടലില്‍ 20 ഓളം ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷത്തിന് പിന്നാലെ അതിര്‍ത്തിയില്‍ ആയുധങ്ങളും സൈനിക വിന്യാസവും ഇരു രാജ്യങ്ങളും ഉയര്‍ത്തിയിരുന്നു.