ഒരു മാസത്തിന് ശേഷം എല്‍പിജി സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിച്ചു; സിലിണ്ടറിന് 209 രൂപ കൂടി; വര്‍ദ്ധിപ്പിച്ച വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍

വാണിജ്യ ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിച്ചു. സിലിണ്ടറിന് 209 രൂപയാണ് വില വര്‍ദ്ധിപ്പിക്കുന്നത്. സെപ്റ്റംബര്‍ 1ന് വാണിജ്യ സിലിണ്ടറിന്റെ വില 160 രൂപ കുറച്ചിരുന്നു. വില വര്‍ദ്ധനവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ കൊച്ചിയില്‍ സിലിണ്ടറിന് 1747.50 രൂപയാണ് പുതുക്കിയ വില. ഡല്‍ഹിയില്‍ സിലിണ്ടറിന് 1731.50 രൂപയായും ഉയര്‍ന്നു.

അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടില്ല. ആഗസ്റ്റ് 29ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഗാര്‍ഹിക ഉപയോഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ 200 രൂപ കുറയ്ക്കാന്‍ തീരുമാനിച്ചത്. പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് നിലവില്‍ ഒരു സിലിണ്ടറിന് 200 രൂപ ഇളവ് ലഭിക്കുന്നുണ്ട്.

നിലവില്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 703 രൂപയ്ക്ക് സിലിണ്ടര്‍ ലഭിക്കും. ഉജ്ജ്വല്‍ യോജനയില്‍ പുതിയ എല്‍പിജി കണക്ഷനുള്ള 1650 കോടി രൂപയുടെ സബ്‌സിഡി കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചിരുന്നു. 75 ലക്ഷം പുതിയ കണക്ഷനുകള്‍ നല്‍കാനാണ് തീരുമാനം. ഇതോടെ പദ്ധതിയുടെ ഗുണഭോക്താക്കള്‍ 10.35 കോടിയായി വര്‍ദ്ധിക്കും.