ബംഗാളിലെ വഖഫ് കലാപത്തില്‍ കൊല്ലപ്പെട്ടത് രണ്ടു സിപിഎം പ്രവര്‍ത്തകര്‍; മമത ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്നു; പാര്‍ട്ടി പ്രതിരോധത്തിനിറങ്ങുമെന്ന് സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം

പശ്ചിമബംഗാളില്‍ വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം സന്ദര്‍ശിച്ചു. കലാപത്തിനിടെ കൊല്ലപ്പെട്ട ഹരഗോബിന്ദ ദാസിന്റെയും മകന്‍ ചന്ദന്‍ ദാസിന്റെയും വീട്ടിലെത്തിയ മുഹമ്മദ് സലിം കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

കലാപ സമയത്ത് കൊള്ളയടിക്കുന്നത് തടയുന്നതിനിടെയാണ് ഇരുവരെയും കുത്തിക്കൊലപ്പെടുത്തിയത്. ഇരുവരും സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തിച്ചിരുന്നവരാണ്. പ്രദേശത്ത് ക്രമസമാധാനം തകരാറിലാണെന്നും പൊലീസ് ഇവിടങ്ങളിലേക്ക് തിരിഞ്ഞുനോക്കാറില്ലെന്നും പ്രദേശവാസികള്‍ മുഹമ്മദ് സലിമിനെ അറിയിച്ചു. കലാപകാരികളെ പാര്‍ട്ടി പ്രതിരോധിക്കുമെന്ന് അദേഹം പറഞ്ഞു. മൂര്‍ഷിദാബാദ്, മാള്‍ഡ, സൗത്ത് 24 പര്‍ഗാനാസ്, ഹൂഗ്ലി, വടക്കന്‍ ദിനാജ്പ്പുര്‍, ഹൗറ എന്നിവിടങ്ങളിലാണ് വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം അക്രമാസക്തമായത്.

ബിജെപി തങ്ങുടെ പ്രവര്‍ത്തകരെ സംരക്ഷിക്കുന്നുണ്ടെന്ന് പ്രവര്‍ത്തകര്‍ മുഹമ്മദ് സലിമിനെ അറിയിച്ചു. ഇതോടെയാണ് സിപിഎം പ്രവര്‍ത്തകരെ കലാപകാരികള്‍ ആക്രമിക്കുന്നതെന്നും പ്രവവര്‍ അദേഹത്തോട് പറഞ്ഞു. ഇതോടെയാണ് പ്രതിരോധിക്കാനുള്ള തീരുമാനം സെക്രട്ടറി പറഞ്ഞത്. മമത ഭരണകൂടം ഏകപക്ഷീയമായാണ് പ്രവര്‍ത്തിക്കുന്നതെന്നും മുഹമ്മദ് സലീം ആരോപിച്ചു.

സൂതിയില്‍ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട ഇസാസ് അഹമ്മദിന്റെ കുടുംബത്തെയും മുഹമ്മദ് സലിം സന്ദര്‍ശിച്ചു. പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞെങ്കിലും മുഹമ്മദ് സലിം കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചാണ് മടങ്ങിയത്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം മീനാക്ഷി മുഖര്‍ജിയും ഒപ്പമുണ്ടായിരുന്നു.

ഇന്നലെ രാത്രി വൈകിട 24 പര്‍ഗാനാസിലുണ്ടായ സംഘര്‍ഷത്തില്‍ ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടിന്റെ (ഐഎസ്എഫ്) നേതൃത്വത്തില്‍ നടന്ന പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രതിഷേധക്കാര്‍ പൊലീസ് വാഹനവും ഇരുചക്ര വാഹനങ്ങളും കത്തിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രതിഷേധക്കാര്‍ കൊല്‍ക്കത്തയിലേക്ക് പ്രവേശിക്കുന്നത് പോലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്. കൊല്‍ക്കത്തയിലെ രാംലീല മൈതാനമായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യം. എന്നാല്‍, രാംലീല മൈതാനിയില്‍ പോലീസ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചിരുന്നു. ഇതിനെത്തുടര്‍ന്നായിരുന്നു പോലീസ് മാര്‍ച്ച് തടഞ്ഞത്. പോലീസ് ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ജനക്കൂട്ടം ശ്രമിച്ചതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. പ്രതിഷേധക്കാരില്‍ ചിലര്‍ പോലീസ് വാഹനങ്ങള്‍ക്ക് തീയിട്ടതായും പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതായും പോലീസ് പറഞ്ഞു.