ഇന്ത്യയ്ക്കും യുഎഇക്കുമിടയിൽ ആണവ സഹകരണത്തിന് കരാർ; ഒപ്പുവച്ച് ഇരു രാജ്യങ്ങളും

ആണവ സഹകരണത്തിന് കരാറൊപ്പിട്ട് ഇന്ത്യയും യുഎഇയും. ആണവോർജ്ജ പ്ലാന്‍റുകളുടെ പ്രവർത്തനത്തിന് പരസ്പരം സഹായിക്കാനാണ് കരാർ. ഇതുൾപ്പടെ അഞ്ചു കരാറുകളിൽ അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മൊഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ സന്ദർശനവേളയിൽ രണ്ടു രാജ്യങ്ങളും ഒപ്പു വച്ചു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശൈഖ് ഖാലിദും ഹൈദരാബാദ് ഹൗസിൽ നടത്തിയ ചർച്ചയിൽ തന്ത്രപ്രധാന സഹകരണം ശക്തമാക്കാൻ ധാരണയായി. ഇന്ത്യ യുഎഇയിൽ നിന്ന് കൂടുതൽ പ്രകൃതി വാതകവും ക്രൂഡ് ഓയിലും വാങ്ങും. ഇതിനുള്ള ദീർഘകാല കരാറുകളിലും രണ്ടു രാജ്യങ്ങളും ഒപ്പിട്ടു. രാഷ്ട്രപതി ദ്രൗപദി മുർമുവിനെയും അബുദാബി കിരീടാവകാശി കണ്ടു.

ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഇന്ത്യയില്‍ ഊഷ്മള സ്വീകരണമാണ് ഒരുക്കിയത്. ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനത്തിനായി ഇന്നലെയാണ് ഷെയ്ഖ് ഖാലിദ് ന്യൂഡല്‍ഹിയിലെത്തിയത്. മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഹൈദരാബാദ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, വ്യവസായരംഗത്തെ പ്രമുഖര്‍ എന്നിവര്‍ സംബന്ധിച്ചു.

അബുദാബി കിരീടാവകാശിയുടെ ബഹുമാനാര്‍ത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക ഉച്ചവിരുന്നും ഒരുക്കിയിരുന്നു. കൂടിക്കാഴ്ചയിലും ഉച്ചവിരുന്നിലും പ്രമുഖ വ്യവസായികളായ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയും ബുര്‍ജീല്‍ ഹോള്‍ഡിങ്ങ്‌സ് ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലിലും സംബന്ധിച്ചു. അതേസമയം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ മോദിയും ഷെയ്ഖ് ഖാലിദും അവലോകനം ചെയ്തു.

സഖ്യം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള വഴികള്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും പ്രയോജനത്തിനായി വിവിധ സഹകരണ മേഖലകളില്‍ നടന്നുകൊണ്ടിരിക്കുന്ന പുരോഗതിയെ അടിസ്ഥാനമാക്കിയുള്ളതാണ് ചര്‍ച്ച. ഇന്ത്യയിലെ അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രധാന ഫുഡ് ആന്‍ഡ് അഗ്രികള്‍ചറല്‍ പാര്‍ക് വികസിപ്പിക്കുന്നതിനായി അബുദാബി ആസ്ഥാനമായുള്ള ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഹോള്‍ഡിങ് കമ്പനിയായ എഡിക്യു ഗുജറാത്ത് സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവച്ചു.

Read more