ഷെയ്ഖ് ഹസീനയുമായി അജിത് ഡോവല്‍ കൂടിക്കാഴ്ച നടത്തി; അതിര്‍ത്തിയില്‍ സുരക്ഷാ സേനയ്ക്ക് ജാഗ്രതാ നിര്‍ദ്ദേശം

രാജിവെച്ചതിന് പിന്നാലെ രാജ്യം വിട്ട് ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കൂടിക്കാഴ്ച നടത്തി. ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമതാവളത്തില്‍ ഷെയ്ഖ് ഹസീനയെയും വഹിച്ചുള്ള സൈനിക വിമാനം വൈകുന്നേരം 5.30ഓടെ ലാന്റ് ചെയ്തു.

ഇതിന് പിന്നാലെ ആയിരുന്നു ഷെയ്ഖ് ഹസീനയുമായി അജിത് ഡോവലിന്റെ കൂടിക്കാഴ്ച. ഇന്ത്യയില്‍ നിന്ന് ലണ്ടനിലേക്ക് പോകാനാണ് ഹസീനയുടെ തീരുമാനമെന്ന് നേരത്തെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബംഗ്ലാദേശിലെ നിലവിലെ സ്ഥിതിഗതികള്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വ്യക്തമാക്കി.

Read more

എന്നാല്‍ ഷെയ്ഖ് ഹസീന നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം ബംഗ്ലാദേശ് അതിര്‍ത്തിയില്‍ സുരക്ഷാ സേനയ്ക്ക് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബംഗ്ലാദേശിലെ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി.