കെജ്‌രിവാളിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചനയെന്ന് ആരോപണം; മരുന്നും ഭക്ഷണവും കഴിക്കുന്നില്ലെന്ന് ലെഫ് ഗവര്‍ണര്‍

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടക്കുന്നതായി ആരോപിച്ച് ആം ആദ്മി പാര്‍ട്ടി. അരവിന്ദ് കെജ്‌രിവാൾ ജയിലില്‍ മരുന്നും ഭക്ഷണവും കൃത്യമായി കഴിക്കുന്നില്ലെന്ന് അറിയിച്ച് ഡല്‍ഹി ലെഫ് ഗവര്‍ണര്‍ വികെ സക്‌സേന ചീഫ് സെക്രട്ടറിയ്ക്ക് കത്ത് അയച്ചതിന് പിന്നാലെയാണ് ആം ആദ്മി ആരോപണവുമായി രംഗത്തെത്തിയത്.

കത്തില്‍ കെജ്രിവാള്‍ മരുന്നും ഭക്ഷണവും കൃത്യമായി കഴിക്കാത്തതിന്റെ കാരണം അന്വേഷിക്കണമെന്നും ലഫ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. ഭക്ഷണവും മരുന്നും കൃത്യമായി കഴിക്കാന്‍ കെജ്രിവാളിന് നിര്‍ദ്ദേശം നല്‍കാന്‍ ജയില്‍ സൂപ്രണ്ടിനോട് ആവശ്യപ്പെടണമെന്നും കത്തില്‍ പറയുന്നു. കെജ്രിവാളിന്റെ ആരോഗ്യനില കര്‍ശനമായി നിരീക്ഷിക്കാനും നിര്‍ദ്ദേശമുണ്ട്.

അതേസമയം കെജ്രിവാളിനെ ജയിലില്‍ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നതായാണ് എഎപിയുടെ ആരോപണം. ജയിലില്‍ കെജ്രിവാളിനെ പീഡിപ്പിച്ച് ആരോഗ്യം തകര്‍ക്കാനാണ് ബിജെപിയുടെ ലക്ഷ്യമെന്നും ആംആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംഗ് പറഞ്ഞു. കെജ്രിവാളിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ മറച്ചുവയ്ക്കാനാണ് ബിജെപി ശ്രമമെന്നും എന്നാല്‍ ഇപ്പോള്‍ എല്ലാം വെളിപ്പെട്ടെന്നും സഞ്ജയ് സിംഗ് കൂട്ടിച്ചേര്‍ത്തു.