തീവ്ര വലതുപക്ഷ സംഘടനയായ ബജ്‌റംഗ്ദളിന്റെ പ്രവർത്തകരും നൂറുകണക്കിന് നാട്ടുകാരും മധ്യപ്രദേശിലെ ഒരു സ്‌കൂളിലേക്ക് അതിക്രമിച്ച് കയറുകയും കെട്ടിടത്തിന് നേരെ കല്ലെറിയുകയും ചെയ്തു. ക്രിസ്ത്യൻ മിഷനറി സ്കൂളിൽ വിദ്യാർത്ഥികളെ മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചായിരുന്നു. പന്ത്രണ്ടാം ക്ലാസിലെ വിദ്യാർത്ഥികൾ കണക്ക് പരീക്ഷ എഴുതുന്നതിനിടെയാണ് അക്രമം നടന്നത്.
വിദിഷ ജില്ലയിലെ ഗഞ്ച് ബസോദ പട്ടണത്തിലെ സെന്റ് ജോസഫ് സ്‌കൂളിലാണ് ആക്രമണം ഉണ്ടായത്. എട്ടോളം വിദ്യാർത്ഥികളെ അഡ്മിനിസ്ട്രേഷൻ മതം മാറ്റിയെന്ന സോഷ്യൽ മീഡിയയിലെ ആരോപണത്തിന് പിന്നാലെയാണ് ആക്രമണം.
"Sending children to convent schools has long been a badge of pride for the middle class in the Hindi belt, but these same institutions are now being targeted by vigilantes" https://t.co/H7cvAsCg4C pic.twitter.com/atQE8o4mzW
— Anand Kochukudy (@AnandKochukudy) December 6, 2021
കെട്ടിടത്തിന് പുറത്ത് വൻ ജനക്കൂട്ടം സ്‌കൂൾ മാനേജ്‌മെന്റിനെതിരെ മുദ്രാവാക്യം വിളിക്കുന്നതും ആക്രമണം നടത്തുന്നതും സെൽഫോൺ ദൃശ്യങ്ങളിൽ കാണാം. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സ്കൂളിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികളും സ്‌കൂൾ ജീവനക്കാരും തലനാരിഴയ്ക്കാണ് ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്.
പ്രാദേശിക മാധ്യമങ്ങളിലൂടെ ഒരു ദിവസം മുമ്പ് ആക്രമണത്തെ കുറിച്ച് വിവരം ലഭിച്ചിരുന്നു എന്നും തുടർന്ന് പൊലീസിനെയും സംസ്ഥാന ഭരണകൂടത്തെയും വിവരം അറിയിച്ചിരുന്നതായും സ്‌കൂൾ മാനേജർ ബ്രദർ ആന്റണി അവകാശപ്പെട്ടു. പൊലീസ് കൃത്യമായ സുരക്ഷാ ക്രമീകരണങ്ങൾ ചെയ്തില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മതപരിവർത്തനത്തെ കുറിച്ചുള്ള ആരോപണങ്ങളും അദ്ദേഹം നിഷേധിച്ചു. പരാതിയിൽ പരാമർശിച്ചിരിക്കുന്ന പേരുകളൊന്നും സ്കൂളിലെ വിദ്യാർത്ഥികളുമായി പൊരുത്തപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോപണവിധേയമായ മതപരിവർത്തനത്തെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് പ്രാദേശിക ബജ്‌റംഗ്ദൾ യൂണിറ്റ് നേതാവ് നിലേഷ് അഗർവാൾ ആവശ്യപ്പെട്ടു. സ്‌കൂളിൽ മതപരിവർത്തനം നടന്നതായി കണ്ടെത്തിയാൽ കെട്ടിടം ബുൾഡോസർ ഉപയോഗിച്ച് നശിപ്പിക്കണമെന്നും ഇയാൾ പറഞ്ഞു.
The violence in premises of the school located in Vidisha's Ganj Basoda town happened when Class XII students were appearing in Mathematics examination inside the school. Students had a narrow escape in the attack. @NewIndianXpress @khogensingh1 @gsvasu_TNIE @TheMornStandard pic.twitter.com/CbsiHgvLcN
— Anuraag Singh (@anuraag_niebpl) December 6, 2021
സംഭവത്തെ തുടർന്ന് പ്രദേശത്തെ മറ്റ് മിഷനറി സ്‌കൂളുകളിലും സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. അക്രമത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ആരോപണ വിധേയമായ മതപരിവർത്തനത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സ്കൂൾ മാനേജ്മെന്റിനെ ചോദ്യം ചെയ്യുമെന്നും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് റോഷൻ റായ് പറഞ്ഞു.
Read more
സ്കൂളിനെതിരെയുള്ള ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ നേരത്തെ വിദിഷ ജില്ലാ കളക്ടർക്ക് കത്തയച്ചിരുന്നു.