ഖാലിസ്ഥാന്‍ ഭീകരന്റെ കൊലയ്ക്ക് പിന്നില്‍ അമിത്ഷാ; കനേഡിയന്‍ ആരോപണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

കാനഡയുടെ ആരോപണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ. ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദ്ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തിലാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. കനേഡിയന്‍ ഹൈക്കമ്മീഷന്‍ പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.

സിഖ് വിഘടനവാദികളെ ലക്ഷ്യംവെച്ചുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍ അമിത് ഷാ ആണെന്നായിരുന്നു ആരോപണം. വാഷിങ്ടണ്‍ പോസ്റ്റ് ആണ് അമിത്ഷായ്‌ക്കെതിരെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ വാഷിങ്ടണ്‍ പോസ്റ്റിനോട് അമിത് ഷായാണ് ആസൂത്രണങ്ങള്‍ക്ക് പിന്നിലെന്ന് പറഞ്ഞത് താനാണെന്ന് കാനഡയുടെ ഉപ വിദേശകാര്യമന്ത്രി ഡേവിഡ് മോറിസണ്‍ പിന്നീട് വ്യക്തമാക്കിയിരുന്നു.

ഇതോടെയാണ് ഹൈക്കമ്മീഷന്‍ പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചത്. ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് നല്‍കുകയാണ് കാനഡ ചെയ്തതെന്ന് വിദേശകാര്യ വക്താവ് രണ്‍ദീര്‍ ജയ്സ്‌വാള്‍ അറിയിച്ചു. ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ഇത്തരം നടപടികള്‍ ബാധിക്കുമെന്നും രണ്‍ദീര്‍ കൂട്ടിച്ചേര്‍ത്തു.