മതം മാറ്റാനായി മന്ത്രവാദം നടത്തുന്നു, ഗോവയിൽ ഇത് അനുവദിക്കില്ല; അറസ്റ്റിലായ പാസ്റ്റർക്ക് എതിരെ ഗോവ മുഖ്യമന്ത്രി

ക്രിസ്ത്യൻ മതത്തിലേക്ക് ആളുകളെ പരിവർത്തനം ചെയ്യിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റിലായ പാസ്റ്റർക്കും ഭാര്യക്കുമെതിരെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. മതം മാറാൻ ആളുകളെ പ്രലോഭിപ്പിക്കുന്നത് ഗോവയിൽ അനുവദിക്കില്ലന്നും. അറസ്റ്റിലായ പാസ്റ്റർ ഡൊമിനിക് ഡിസൂസയും ഭാര്യ ജുവാൻ ലൂറെഡും മതപരിവർത്തനത്തിനായി മാന്ത്രിക വിദ്യ ഉപയോഗിച്ചതായും പ്രമോദ് സാവന്ത് ആരോപിച്ചു.

‘മതപരിവർത്തനം നടത്തിയ ഡൊമിനിക്കിനെതിരെ കേസെടുത്ത ആഭ്യന്തരവകുപ്പ് മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. ആളുകളെ നിർബന്ധിച്ച് മതം മാറ്റാൻ പാസ്റ്റർ മന്ത്രവാദം നടത്തുന്നുണ്ട്. അദ്ദേഹത്തിനെതിരെ നേരത്തെ തന്നെ പരാതികൾ ഉയർന്നിരുന്നുവെങ്കിലും പൊലീസ് വകുപ്പ് ഇതുവരെ നടപടിയെടുത്തിരുന്നില്ല.

നോർത്ത് ഗോവയിലെ സിയോലിം ഗ്രാമത്തിൽ ഫൈവ് പില്ലേഴ്സ് ചർച്ച് നടത്തുന്ന പാസ്റ്ററിനെതിരെ രണ്ട് മൂന്ന് പരാതികൾ ലഭിച്ചിട്ടുണ്ട്. പാവപ്പെട്ടവരെ മതപരിവർത്തനത്തിന് വേണ്ടി ഡൊമിനിക് വശീകരിക്കാറുണ്ടായിരുന്നു. ഇത്തരം നീക്കങ്ങൾക്കെതിരെ സർക്കാർ കർശന നടപടിയെടുക്കും.

നിർബന്ധിത മതപരിവർത്തനം ഗോവയിൽ അനുവദിക്കില്ല. പരാതികൾ ലഭിച്ചാൽ ഉടൻ നടപടിയെടുക്കും. എല്ലാ മതങ്ങളെയും ഒരു പോലെ ബഹുമാനിക്കുന്നവരാണ് ഞങ്ങൾ എന്നും സാവന്ത് വ്യക്തമാക്കി.