അരവിന്ദ് കെജ്‌രിവാളിന് വീണ്ടും തിരിച്ചടി; മദ്യനയ അഴിമതി കേസിൽ കസ്റ്റഡി കാലാവധി നീട്ടി

ദില്ലി മദ്യനയ കേസിൽ അരവിന്ദ് കെജ്‌രിവാളിന് വീണ്ടും തിരിച്ചടി. കേസിൽ കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി. ആഗസ്റ്റ് 8 വരെയാണ് അരവിന്ദ് കെജ്രിവാളിന്‍റെ കസ്റ്റഡി കാലാവധി നീട്ടിയത്. റൗസ് അവന്യു കോടതിയുടേതാണ് ഉത്തരവ്. നിലവിൽ തിഹാർ ജയിലിൽ കഴിയുകയാണ് കെജ്‌രിവാൾ. അതേസമയം മനീഷ് സിസോദിയയുടെയും ബിആർഎസ് നേതാവ് കെ കവിതയുടെയും കസ്റ്റഡി കാലാവധിയും നീട്ടിയിട്ടുണ്ട്.

തിഹാർ ജയിലിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴിയാണ് അരവിന്ദ് കെജ്‌രിവാളിനെ കോടതിയിൽ ഹാജരാക്കിയത്. നേരത്തെ, സിബിഐ കേസിൽ കോടതി കെജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 25 വരെ നീട്ടിയിരുന്നു. ഇതേ അഴിമതിയുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) കേസിൽ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

കേന്ദ്ര ഏജൻസി അറസ്റ്റ് ചെയ്തതിനെതിരെ കെജ്‌രിവാളിൻ്റെ ഹർജിയിൽ നിന്നുള്ള ചില നിയമപരമായ ചോദ്യങ്ങൾ വിശാല ബെഞ്ചിന് വിടേണ്ടതുണ്ടെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. അഴിമതിക്കേസിൽ സിബിഐ പ്രത്യേകമായി അറസ്റ്റ് ചെയ്തതിനാൽ മുഖ്യമന്ത്രി തിഹാർ ജയിലിൽ തന്നെ തുടരുകയായിരുന്നു.