അരവിന്ദ് കെജ്‌രിവാള്‍ രാജ്യ സഭയിലേക്കെന്ന് സൂചന; ചര്‍ച്ച നടക്കുകയാണെന്ന് ആം ആദ്മി പാര്‍ട്ടി

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനെ രാജ്യ സഭയിലേക്കെത്തിക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍. പഞ്ചാബില്‍ നടക്കുന്ന നിയമസഭ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ ഉയരാന്‍ ആരംഭിച്ചത്.

ആംആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എംപി സഞ്ജീവ് അറോറയെ ആണ് പഞ്ചാബില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. പഞ്ചാബിലെ ലുധിയാന വെസ്റ്റില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിലേക്കാണ് സഞ്ജീവ് അറോറയെ പരിഗണിച്ചത്. ഇതിന് പിന്നാലെയാണ് കെജ്രിവാള്‍ രാജ്യസഭയിലേക്കെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

സഞ്ജീവ് അറോറ രാജിവെക്കുന്ന രാജ്യസഭാ സീറ്റിലേക്ക് കെജ്‌രിവാള്‍ എത്തുമെന്നാണ് എഎപി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. ഇന്ന് രാവിലെയാണ് എഎപി സഞ്ജീവ് അറോറയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. വ്യവസായി കൂടിയായ അറോറയെ 2022-ലാണ് പഞ്ചാബില്‍നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തത്.

Read more

2028വരെയാണ് സഞ്ജീവ് അറോറയുടെ കാലാവധി. നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി ആയതോടെ രാജ്യസഭാ അംഗത്വം അദ്ദേഹത്തിന് രാജിവെക്കേണ്ടി വരും. എന്നാല്‍ രാജ്യസഭാംഗത്വം സംബന്ധിച്ച അഭ്യൂഹം എഎപി നിഷേധിച്ചിട്ടുണ്ടെങ്കിലും ചര്‍ച്ച നടക്കുകയാണെന്ന് പാര്‍ട്ടി അറിയിച്ചു.