അസം പോലീസിലെ ലേഡി സിങ്കം എന്നറിയപ്പെട്ടിരുന്ന പൊലീസ് ഉദ്യോഗസ്ഥ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. സബ് ഇന്‍സ്പെക്ടര്‍ ജുന്‍മോനി രാഭയാണ് നാഗോണ്‍ ജില്ലയില്‍ വെച്ചുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത്. 30 വയസായിരുന്നു. അപകടത്തിൽ ദുരൂഹതയുണ്ട് എന്ന് ജുന്‍മോനിയുടെ കുടുംബം ആരോപിച്ചു.
ബോളിവുഡ് പൊലീസ് ചിത്രങ്ങളിലെ പൊലീസ് കഥാപാത്രങ്ങളെ പോലെ കര്‍ശന നിലപാടുകള്‍ സ്വീകരിച്ചതിന് നിരവധി വിവാദങ്ങളില്‍ ഉൾപ്പെട്ടയാളാണ് ജുൻമോനി. അന്യായമായി പണം കൈവശപ്പെടുത്തിയെന്ന കേസ് ചുമത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് ജുന്‍മോനിയുടെ കാര്‍ അപകടത്തില്‍പ്പെടുന്നത്. ചൊവ്വാഴ്ച രാവിലെയാണ് ഇവർ സഞ്ചരിച്ച കാര്‍ ലോറിയുമായി ഇടിക്കുന്നത്.
അപകട സമയത്ത് ജുന്‍മോനി രാഭ കാറില്‍ തനിച്ചായിരുന്നു, യൂണിഫോമിലും ആയിരുന്നില്ല. പുലര്‍ച്ചെ 2.30ഓടെ അപകട വിവരം അറിഞ്ഞെത്തിയ പൊലീസാണ് ജുന്‍മോനിയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് ജുന്‍മോനിയുടെ കുടുംബം ആരോപിക്കുന്നത്.
Read more
ഉത്തര്‍ പ്രദേശ് രജിസ്ട്രേഷനുള്ള ലോറിയാണ് ജുന്‍മോനിയെ ഇടിച്ച് തെറിപ്പിച്ചത്. ഈ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടത്തിന് പിന്നാലെ ലോറിയുടെ ഡ്രൈവര്‍ ഒളിവില്‍ പോയതായാണ് വിവരം. സാരുഭുഗിയ ഗ്രാമത്തില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. ജഖാലബന്ധ പൊലീസ് സ്റ്റേഷന് പരിധിക്ക് കീഴിലാണ് ഇവിടം ഉള്‍പ്പെടുന്നത്.