അവധേഷ് പ്രസാദിനെ ഡെപ്യൂട്ടി സ്പീക്കറാക്കണം; ബിജെപിയെ പ്രതിരോധത്തിലാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്

ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കറായി സമാജ്‌വാദി പാര്‍ട്ടി എംപി അവധേഷ് പ്രസാദിനെ നിയമിക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അവധേഷ് പ്രസാദിന്റെ വിജയം ബിജെപിയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചാണ് അവധേഷ് ലോക്‌സഭയിലെത്തിയത്.

ബിജെപിയുടെ ലല്ലു സിംഗ് ആയിരുന്നു ഫൈസാബാദില്‍ അവധേഷിനെതിരെ മത്സരിച്ചത്. ഫൈസാബാദിലെ തോല്‍വി ബിജെപിയ്ക്കുള്ളില്‍ തന്നെ വലിയ ചര്‍ച്ചയായിരുന്നു. 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് ആയുധമായിരുന്നു അയോധ്യ രാമക്ഷേത്രം. അതിനാല്‍ തന്നെ മണ്ഡലത്തിലെ തോല്‍വി ബിജെപിയ്ക്ക് വലിയ തിരിച്ചടിയായിരുന്നു.

അതേസമയം തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആവശ്യം സംബന്ധിച്ച് പ്രതികരിക്കാന്‍ ഇതുവരെ എന്‍ഡിഎ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ലോക്‌സഭയില്‍ 2019 മുതല്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവി ഒഴിഞ്ഞുകിടക്കുകയാണ്. 17ാം ലോക്‌സഭയിലും ഡെപ്യൂട്ടി സ്പീക്കര്‍ ഉണ്ടായിരുന്നില്ല. ഡെപ്യൂട്ടി സ്പീക്കര്‍ പദവിയില്‍ അനുകൂല നിലപാട് സ്വീകരിക്കാന്‍ എന്‍ഡിഎ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചായിരുന്നു കോണ്‍ഗ്രസ് സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

എന്‍ഡിഎയ്ക്ക് പ്രതിരോധം സൃഷ്ടിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസ് അവധേഷിന് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് അവധേഷിന്റെ പേര് നിര്‍ദ്ദേശിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.