യുപിയിൽ അംബേദ്കറൈറ്റ് രാഷ്ട്രീയം ഉയർത്തിപിടിച്ച് ചന്ദ്രശേഖർ ആസാദ്; ബിജെപി സ്ഥാനാർത്ഥിയെ പിന്തള്ളി ഒരു ലക്ഷത്തോളം വോട്ടുകൾ നേടി വിജയത്തിലേക്ക്

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ഉത്തർപ്രദേശിലെ നഗിന മണ്ഡലത്തില്‍ അംബേദ്കറൈറ്റ് രാഷ്ട്രീയം ഉയർത്തിപിടിച്ച് ഭീം ആര്‍മി സ്ഥാപക നേതാവും ആസാദ് സമാജ് പാര്‍ട്ടി ( കാൻഷിറാം) ദേശീയ അധ്യക്ഷനുമായ ചന്ദ്രശേഖർ ആസാദ് ഒരു ലക്ഷത്തോളം വോട്ടുകൾക്ക് മുന്നിൽ. 466979 വോട്ടുകളാണ് ചന്ദ്രശേഖർ ആസാദ് ഇതുവരെ നേടിയത്.

ബിജെപി സ്ഥാനാർത്ഥി ഓം കുമാറിനെയാണ് ആസാദ് പിന്തളിയത്. കാൻഷിറാമിന്റെ പിൻഗാമിയായി ഇന്ത്യൻ രാഷ്ട്രീയത്തിൽ ദലിത് ശബ്ദമായി മാറി വലിയ വിപ്ലവം സൃഷ്ടിച്ച ബഹുജൻ സമാജ് പാർട്ടി അധ്യക്ഷ മായാവതി സമീപകാല ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു തരത്തിലുള്ള രാഷ്ട്രീയ നിലപാടുകളും പറയാതെ നിൽക്കുമ്പോഴാണ് കൃത്യമായി അംബേദ്കറൈറ്റ് രാഷ്ട്രീയം പറഞ്ഞുകൊണ്ട് ഉത്തർപ്രദേശിൽ ഹിന്ദുത്വ രാഷ്ട്രീയം പറയുന്ന ബിജെപിയെ ആസാദ് തറപറ്റിച്ചിരിക്കുന്നത്. 2019-ല്‍ എസ്.പി.യുമായി സഖ്യമുണ്ടാക്കി ബി.എസ്.പി.യാണ് നഗിനയില്‍ വിജയിച്ചത്.