സോണിയ ഗാന്ധിക്കെതിരെ കേസെടുക്കണമെന്ന് ബിഹാറിലെ അഭിഭാഷകന്‍; രാഷ്ട്രപതിയ്‌ക്കെതിരെ 'പാവം തളര്‍ന്നുപോയി' എന്ന പരാമര്‍ശത്തില്‍ നടപടി വേണമെന്ന് കോടതി മുമ്പാകെ ആവശ്യം

നയപ്രഖ്യാപന പ്രസംഗത്തിന് പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനു നേരെ നടത്തിയ ‘പാവം, തളര്‍ന്നുപോയി’ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്സണ്‍ സോണിയാ ഗാന്ധിക്കെതിരേ കേസ് എടുക്കണമെന്ന് ബിഹാറാലെ അഭിഭാഷകന്‍. ബിഹാര്‍ മുസാഫര്‍നഗര്‍ ജില്ലയിലെ അഭിഭാഷകനായ സുധീര്‍ ഓജയാണ് കോണ്‍ഗ്രസ് നേതാവിനെതിരെ എഫ്‌ഐആര്‍ എഴുതി കേസെടുക്കണമെന്ന ആവശ്യവുമായി കോടതിയ്ക്ക് മുമ്പാകെ എത്തിയത്.

ഭാരതീയ ന്യായ സംഹിത പ്രകാരം സോണിയ ഗാന്ധിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഒപ്പം കൂട്ടുപ്രതികളായി പ്രിയങ്ക ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി മുസാഫര്‍പുറിലെ സിജെഎം കോടതിയിലാണ് സുധീര്‍ ജാ എത്തിയത്. രാജ്യത്തിന്റെ പരമോന്നത പദവിയില്‍ ഇരിക്കുന്ന രാഷ്ട്രപതിയെ പാവം എന്ന് വിളിച്ചു സോണിയ ഗാന്ധി അപമാനിച്ചുവെന്നാണ് സുധീര്‍ ജാ ആരോപിക്കുന്നത്. കോടതിയ്ക്ക് മുമ്പാകെ തന്റെ ആവശ്യം സമര്‍പ്പിച്ച സുധീര്‍ ജാ മാധ്യമങ്ങളെ കണ്ടും വിഷയത്തില്‍ താന്‍ കേസ് ഫയല്‍ ചെയ്തതായി അറിയിച്ചു. മുസാഫിര്‍പുരിലെ സിജെഎം കോടതി ഫെബ്രുവരി പത്താം തീയതി വിഷയം പരിഗണിക്കും.

നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാനത്തോടെ രാഷ്ട്രപതി ക്ഷീണിച്ചു, സംസാരിക്കാന്‍ സാധിക്കാത്ത നിലയിലേക്കെത്തി, പാവം എന്നായിരുന്നു നയപ്രസംഗത്തിന് ശേഷം പുറത്തേക്കെത്തിയ സോണിയ ഗാന്ധിയുടെ പരാമര്‍ശം. രാജ്യത്തെ ഏറ്റവും ഉന്നതമായ ഭരണഘടനാ അധികാരിയെ സോണിയ അവമതിച്ചുവെന്ന് പറഞ്ഞു അതേ ദിവസം തന്നെ ബിജെപി നേതാക്കളും മന്ത്രിമാരും സോണിയയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. രാഷ്ട്രപതി ഭവനും വിഷയത്തില്‍ അതൃപ്തി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചിരുന്നു.

Read more